Connect with us

Malappuram

എസ് വൈ എസ് നടീല്‍ ഉത്സവം; കാളികാവില്‍ സംഘകൃഷിക്ക് തുടക്കമായി

Published

|

Last Updated

കാളികാവ്: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കാളികാവ് സര്‍ക്കിള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തി.
അഞ്ചച്ചവിടി വെന്തോടന്‍പടിയില്‍ തരിശായി കിടന്ന സ്ഥലത്ത് നെല്‍കൃഷിയിറക്കിയാണ് എസ് വൈ എസ് നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നത്.
വര്‍ഷങ്ങളായി കാട് മൂടി കിടന്നിരുന്ന വെന്തോടന്‍ ഇത്തീമയുടെ സ്ഥലം പാട്ടത്തിനെടുത്താണ് എസ് വൈ എസ് പ്രവര്‍ത്തകര്‍ സംഘകൃഷി നടത്തുന്നത്. കര്‍ഷകനും എസ് വൈ എസ് പ്രവര്‍ത്തകനുമായ മൂച്ചിക്കലിലെ കളരിക്കല്‍ മുഹമ്മദാലിയുടെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ നിര്‍ദേശവും സഹായങ്ങളും സംഘകൃഷിക്ക് ലഭിക്കുന്നുണ്ട്. ഞാറ് നടീല്‍ ഉത്സവം കാളികാവ് കൃഷി ഓഫീസര്‍ അബ്ദുല്ലത്തീഫ് നിര്‍വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ജില്ലാ സെക്രട്ടറി ജമാല്‍ മാസ്റ്റര്‍ കരുളായി, വണ്ടൂര്‍ സോണ്‍ സെക്രട്ടറി എ പി ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി, കാളികാവ് സര്‍ക്കിള്‍ സെക്രട്ടറി യൂസഫ് സഅദി, പി കെ സിദ്ദീഖ് സഖാഫി സംബന്ധിച്ചു. നടീല്‍ ഉത്സവം കാണാനും പരിപാടികളില്‍ സംബന്ധിക്കാനും നിരവധിപേരാണ് വെന്തോടന്‍പടിയില്‍ എത്തിയത്.
സമ്മേളനത്തിന്റെ പ്രചരണങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കും വേണ്ടി എസ് വൈ എസ് പ്രവര്‍ത്തകരെ നാടിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഓരോ സര്‍ക്കിള്‍ കമ്മറ്റിയുടെ കീഴിലും 33 പേരടങ്ങുന്ന സ്വഫ്‌വ അംഗങ്ങളടക്കം നിരവധി പേരെയാണ് നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.