ഉദ്ഘാടനത്തിനൊരുങ്ങുന്നു; പരാതികള്‍ തീരാതെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്കം ഷോപ്പിംഗ് കോംപ്ലക്‌സ്

Posted on: September 15, 2014 10:00 am | Last updated: September 15, 2014 at 10:00 am
SHARE

KSRTC-LOGOകോഴിക്കോട്: നഗരത്തിന്റെ അഭിമാനമായി മാറുന്ന കെ എസ് ആര്‍ ടി സി ബസ് സ്റ്റന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനത്തിന് സജ്ജമാകുമ്പോഴും പരാതികള്‍ കുറയുന്നില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണമെങ്കിലും അടിസ്ഥാനപരമായ സൗകര്യങ്ങളുടെ കുറവു ചൂണ്ടിക്കാണിച്ചാണ് പരാതികള്‍ ഉയരുന്നത്. 

ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള റൂമില്‍ ബാത്ത് റൂം സൗകര്യമില്ല. ടിക്കറ്റ് കൗണ്ടറിനുള്ളിലാണ് മൂന്ന് ബാത്ത് റൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനത്തിന് പ്രയാസമുണ്ടാക്കുമെന്നും വാദമുയരുന്നുണ്ട്.
അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറിലാണ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ ഡ്രസിംഗ് മുറിയും വര്‍ക്കിംഗ് ഷെഡ്ഡും സജ്ജമാക്കിയിരിക്കുന്നത്. മഴക്കാലത്ത് ഇവിടെ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മെക്കാനിക്കല്‍ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ല. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യപ്പെട്ടാലും പാവങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഡിപ്പോയും വര്‍ക്ക്‌ഷോപ്പും പൂര്‍ണമായും മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ജോലികള്‍ക്കായി പാവങ്ങാട് ഡിപ്പോയെത്തന്നെ തുടര്‍ന്നും ആശ്രയിക്കേണ്ട സ്ഥിതിയും വരും. അവിടെയാവട്ടെ ജീവനക്കാര്‍ക്ക് യാതൊരു സൗകര്യങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ജീവനക്കാര്‍ നിരവധി തവണ അധികൃതരോട് പരാതി ഉന്നയിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ 40 ബസുകള്‍ക്ക് മാത്രമേ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ബാക്കി ബസ്സുകള്‍ ചെയ്യാന്‍ പാവങ്ങാട്ടെ ഡിപ്പോയെ തന്നെ ആശ്രയിക്കേണ്ടതായും വരും. കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ ബി ഒ ടി അടിസ്ഥാനത്തില്‍ അമ്പത് കോടിയോളം ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പണി പൂര്‍ത്തിയാകുന്നത്. നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഷോപ്പിംഗ് മാള്‍, ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.