Connect with us

Kozhikode

പ്രതിയോഗികള്‍ക്കെതിരെ സ്ത്രീപീഡന കേസുകള്‍ ഉപയോഗിക്കുന്നു

Published

|

Last Updated

താമരശ്ശേരി: പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമായി സ്ത്രീപീഡന കേസുകള്‍ ഉപയോഗപ്പെടുത്തുന്നു. പരാതിക്കാരിയുടെ മൊഴി തെളിവായെടുത്ത് കേസെടുക്കുന്നതും പരാതി വ്യാജമാണെന്ന് തെളിയിക്കാന്‍ പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് കഴിയാത്തതുമാണ് സ്ത്രീ പീഡന പരാതികള്‍ ആയുധമാക്കാന്‍ പ്രേരിപ്പിക്കുന്നത്.
കട്ടിപ്പാറ ചമല്‍ സ്വദേശിക്കെതിരെ ബന്ധുവായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം താമരശ്ശേരി പോലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പ്രതിയാക്കപ്പെട്ടയാള്‍ രക്ഷപ്പെടുകയായിരുന്നു. വയനാട് പൊഴുതനയില്‍ മൂന്നാം ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ചമല്‍ സ്വദേശിനിക്ക് ആദ്യ ഭര്‍ത്താവിലുള്ള 13 കാരിയാണ് മാതാവിന്റെ അമ്മയുടെ ഭര്‍ത്താവായ 54 കാരനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നിയ താമരശ്ശേരി സി ഐ. എം ഡി സുനില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനയാണ് പരാതി താമരശ്ശേരി പോലീസില്‍ എത്തിയത്. കുട്ടിക്ക് കൗണ്‍സലിംഗ് നടത്തിയ ആളുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കണ്ടെത്തിയിരുന്നു.
ചമല്‍ ഭാഗത്തെ വ്യാപാരിക്കെതിരെ ഒന്നര വര്‍ഷം മുമ്പ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി നല്‍കുകയും പ്രതിചേര്‍ക്കപ്പെട്ടയാള്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. അമ്പായത്തോട് സ്വദേശിയായ വൃദ്ധനെതിരെ രണ്ട് വര്‍ഷം മുമ്പ് മരുമകള്‍ നല്‍കിയ പരാതിയും വ്യാജമാണെങ്കിലും പ്രതിചേര്‍ക്കപ്പെട്ടയാള്‍ റിമാന്‍ഡിലായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെതിരെ മാസങ്ങള്‍ക്കുമുമ്പ് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പീഡിപ്പിച്ചതായി പരാതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.
പീഡനത്തിനിരയായതായി പരാതിപ്പെടുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കുന്നത്. സാക്ഷികളോ തെളിവുകളോ ഹാജരാക്കാന്‍ കഴിയില്ലെന്നതും പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ കഴിയില്ലെന്നതുമാണ് പലരെയും ജയിലിലാക്കുന്നത്. വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരെ ഐ പി സി 211 പ്രകാരം കേസെടുക്കാമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പ്രധാനമായും പരാതിക്കാര്‍ എന്നതിനാല്‍ കേസെടുക്കാനും കഴിയില്ല.
പെണ്‍കുട്ടികളെക്കൊണ്ട് തെറ്റായ മൊഴി നല്‍കിക്കുന്നത് അവരെ മാനസികമായി നശിപ്പിക്കുമെങ്കിലും പ്രതികാരബുദ്ധിക്കുമുന്നില്‍ ഇവര്‍ ബലിയാടാക്കപ്പെടുകയാണ്. ഇത്തരം പരാതികള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും പരാതിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും എതിരെ കേസെടുക്കാനുള്ള നിയമനിര്‍മാണം അനിവാര്യമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട പരാതി കിട്ടിയാല്‍ ബന്ധുക്കളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസുദ്യോഗസ്ഥര്‍ക്കും എ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മുമ്പ് സുപ്രീം കോടതി സുപ്രധാന ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇത്തരം പരാതി കിട്ടിയാല്‍ അറസ്റ്റ് അത്യാവശ്യമാണോ എന്ന് അതത് എസ് ഐമാര്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് ഉത്തരവിലെ പ്രധാന വ്യവസ്ഥ.

Latest