ഫണ്ടുണ്ടായിട്ടും കെട്ടിടം കിട്ടാതെ വനിതാ വികസന കോര്‍പറേഷന്‍

Posted on: September 15, 2014 9:41 am | Last updated: September 15, 2014 at 9:41 am
SHARE

കോഴിക്കോട്: നിരവധി വനിതകള്‍ തൊഴില്‍ തേടിയെത്തുന്ന നഗരത്തില്‍ ഹോസ്റ്റല്‍ സംവിധാനത്തിന് ഫണ്ടുണ്ടായിട്ടും കെട്ടിടം ലഭിക്കാതെ വനിതാ വികസന കോര്‍പറേഷന്‍. നഗരത്തില്‍ ജോലിക്കായി എത്തുന്ന വനിതകള്‍ക്ക് പലപ്പോഴും നല്ല താമസ സൗകര്യം ലഭിക്കാറില്ല. ഇത്തരം ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വനിതാ വികസന കോര്‍പറേഷന്‍ നഗരത്തില്‍ ഹോസ്റ്റലുകള്‍ക്കുള്ള ഫണ്ട് അനുവദിച്ചത്. എന്നാല്‍ ആവശ്യമായ ഫണ്ട് ലഭിച്ചിട്ടും നഗരപരിധിയില്‍ ഹോസ്റ്റലിന് അനുയോജ്യമായ കെട്ടിടം ലഭിക്കാതെ ഉചിതമായ സ്ഥലം തേടുകയാണ് വനിതാ വികസന കോര്‍പറേഷന്‍.
ദൂരസ്ഥലങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്ന സ്ത്രീകള്‍ക്ക് ഒരാശ്വാസമായാണ് വനിതാ കോര്‍പറേഷന്‍ ഹോസ്റ്റലുകള്‍ക്കായി പണം മുടക്കുന്നത്. നഗരത്തില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ ആയിരം രൂപക്ക് താമസമൊരുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വനിതകള്‍ക്കായി സി ഡി എ യുടെ ഹോസ്റ്റല്‍ കം അപ്പാര്‍ട്ട്‌മെന്റ് ബിലാത്തിക്കുളത്തും വരാന്‍ പോകുന്നു. പദ്ധതിയും രൂപരേഖയും സര്‍ക്കാറിന് സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്.
മറ്റു ഹോസ്റ്റലുകളെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളാണ് ബിലാത്തിക്കുളത്ത് ആരംഭിക്കാന്‍ പോകുന്ന വനിതാ ഹോസ്റ്റലില്‍ ഉണ്ടാകുക. എറണാകുളത്ത് നടന്ന പാട്ണര്‍ കേരള അര്‍ബന്‍ ഡെവലപ്‌മെന്റ് മീറ്റില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. സ്വകാര്യ പൊതുജന പങ്കാളിത്തത്തോടെയാണ് ഹോസ്റ്റല്‍ കോംപ്ലക്‌സ് കം സ്റ്റുഡിയോ അപാര്‍ട്‌മെന്റ് നിര്‍മിക്കുക. വനിതാ വികസന കോര്‍പറേഷന്‍ ഫ്രാന്‍സിസ് റോഡില്‍ ഹോസ്റ്റലിനായി കെട്ടിടം കണ്ടെത്തിയിരുന്നെങ്കിലും കുടിവെള്ള പ്രശ്‌നം കാരണം ഒഴിവാക്കുകയായിരുന്നു. നഗരത്തിലെ മിക്ക വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് കിട്ടാത്തതാണ് പ്രശ്‌നമെങ്കില്‍ ഇവിടെ ഫണ്ട് കിട്ടിയിട്ടും ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കാത്തതാണ് പ്രശ്‌നം.
ബിലാത്തിക്കുളത്ത് ആരംഭിക്കുന്ന ഹോസ്റ്റലിന്റെ ചെലവ് 18 കോടിയാണ്. സി ഡി എ യുടെ ബിലാത്തിക്കുളത്തെ അറുപത് സെന്റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. സാധാരണ വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലുകളേക്കാളും അത്യാധുനിക സൗകര്യങ്ങളാണ് ഹോസ്റ്റലിന്റെ പ്രത്യേകത. അത്യാധുനിക സൗകര്യങ്ങളായ ഇന്റര്‍നെറ്റ് കഫേ, വൈ- ഫൈ സൗകര്യം, മോഡേണ്‍ ഹെല്‍ത്ത് ക്ലബ്, ഡോര്‍മറ്ററി, ഹൗസിംഗ് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം എന്നിവ അടങ്ങുന്നതാണ് സി ഡി എ യുടെ ഹോസ്റ്റല്‍ കം അപ്പാര്‍ട്ട്‌മെന്റ്. നഗരത്തില്‍ വനിതാ വികസന കോര്‍പറേഷന്റെ ഹോസ്റ്റലിന് കെട്ടിടം കണ്ടെത്തുന്നതിനിടെയാണ് സി ഡി എ യുടെ ഹോസ്റ്റല്‍ കോംപ്ലക്‌സ് കം അപ്പാര്‍ട്ട്‌മെന്റ് വരുന്നത്.