Connect with us

Kannur

നീരയുടെ തേനും ശര്‍ക്കരയും പാനീയവും അന്താരാഷ്ട്ര വിപണിയിലേക്ക്

Published

|

Last Updated

കണ്ണൂര്‍: തെങ്ങിന്‍ പൂക്കുലയില്‍ നിന്നുത്പാദിപ്പിക്കുന്ന നീര ഉപയോഗിച്ച് തേനും ശര്‍ക്കരയും പാനീയവുമുണ്ടാക്കി അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കാന്‍ നാളികേര വികസന കോര്‍പറേഷന്‍ കര്‍മപരിപാടി ആവിഷ്‌കരിച്ചു. പ്രതിവര്‍ഷം ആയിരം കോടിയുടെയെങ്കിലും വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുള്‍പ്പെടുന്ന മേഖലയില്‍ നിന്നാണ് ആദ്യഘട്ടം നീരയും അനുബന്ധ ഉത്പന്നങ്ങളും ഉണ്ടാക്കുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം ആരംഭിക്കാനാണ് തീരുമാനം. താത്പര്യമുള്ള ഏത് കേര കര്‍ഷകനും നീര ഉത്പാദിപ്പിക്കാനുളള സഹായവും പരിശീലനവും നല്‍കാനുള്ള നടപടികളും നാളികേര വികസന കോര്‍പറേഷന്‍ അടുത്ത ദിവസം മുതല്‍ തുടങ്ങും. ഓരോ കൃഷിഭവനുകള്‍ക്ക് കീഴിലും 15 മുതല്‍ 30 വരെ കര്‍ഷകര്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് ഇവരെക്കൊണ്ട് നീര ഉത്പാദിപ്പിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഈ മാസം 20ന് നടക്കുന്ന നാളികേര വികസന കോര്‍പറേഷന്‍ യോഗത്തില്‍ ഏത് രീതിയിലാണ് കര്‍ഷകനെ തിരഞ്ഞെടുക്കേണ്ടതെന്നതിനക്കുറിച്ചും ഇവര്‍ക്ക് നല്‍കേണ്ട പരിശീലനങ്ങളെക്കുറിച്ചെല്ലാമുള്ള കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കും. ലഹരിയുടെ അംശം തീരെയില്ലാത്ത വിധത്തില്‍ പഴയകാലത്ത് ആയുര്‍വേദ ചികിത്സക്കും മറ്റും തെങ്ങിന്‍ പൂക്കുലയില്‍ നിന്നുണ്ടാക്കുന്ന മരുന്നുകളുടെയും മറ്റും മാതൃകയിലാണ് നീരയുടെ ഉത്പന്നങ്ങള്‍ ഉണ്ടാക്കുക. പ്രകൃതിദത്തമായ പാനീയങ്ങളില്‍ ഏറ്റവും ശുദ്ധവും ഔഷധഗുണമുള്ളതും പോഷക സമ്പന്നവുമാണ് നീര. 100 മില്ലിലിറ്റര്‍ നീരയില്‍ 1618 ഗ്രാം അന്നജവും 0.22 ഗ്രാം മാംസ്യവും 0.40 ഗ്രാം കൊഴുപ്പും ഇതു കൂടാതെ നല്ല അളവില്‍ വൈറ്റമിന്‍ ബി, സി എന്നിവയും ശരീരത്തിനാവശ്യമായ അമിനോഅമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും നീരയിലുണ്ട്. പ്രമേഹരോഗികള്‍ക്കും ഇതു കുടിക്കാം. പാരമ്പര്യചികിത്സാ സമ്പ്രദായങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.
മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിക്കുന്ന നീര കോഴിക്കോട് ഏലത്തൂരിലെ പ്ലാന്റില്‍ വെച്ചാണ് വിവിധ ഉത്പന്നങ്ങളാക്കി മാറ്റുക. പ്രതിദിനം 10,000 ലിറ്റര്‍ നീര സംസ്‌കരിക്കുന്നതിനാണ് ഏലത്തൂരില്‍ പ്ലാന്റ് സജ്ജീകരിക്കുന്നത്. പ്രതിദിനം 6,000 ലിറ്റര്‍ നീര പാനീയമായും 2,000 തേനായും 2,000 ശര്‍ക്കരയുമായി വിപണിയിലെത്തിക്കാന്‍ ഇവിടെ സംവിധാനമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 കോടിയുടെ വിപണനമാണ് ആദ്യഘട്ടമെന്ന നിലയില്‍ ലക്ഷ്യമിടുന്നത്. സാധാരണയായി ലഭിക്കുന്ന തേനിനേക്കാളും ഔഷധ ഗുണമുള്ളതായിരിക്കും നീരയുടെ തേന്‍ എന്നാണ് നാളികേര വികസന കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. 200 മില്ലീലിറ്ററിന് 100 രൂപ എന്ന നിരക്കിലായിരിക്കും വില്‍പ്പന. പഞ്ചസാരയുടെ അംശം തീരെയില്ലാത്ത ശര്‍ക്കരക്ക് കിലോക്ക് 600 രൂപയും 200 മില്ലീലിറ്റര്‍ പാനീയത്തിന് 30 രൂപയുമാണ് വിലയീടാക്കുക.
ഒരു തെങ്ങില്‍ നിന്ന് ഒന്നര മുതല്‍ മൂന്ന് ലിറ്റര്‍ വരെ നീര ഉത്പാദിപ്പിക്കാന്‍ കര്‍ഷകന് കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒരു മാസം ഒരു തെങ്ങിനെ കൊണ്ട് മാത്രം 600 മുതല്‍ 800 വരെ സാമ്പത്തിക നേട്ടം കര്‍ഷകനുണ്ടാക്കാനാകുമെന്നും നാളികേര വികസന കോര്‍പറേഷന്‍ കണക്കുകൂട്ടുന്നു. നവംബര്‍ ഒന്ന് മുതല്‍ നീരയുടെ വിപണനം തുടങ്ങുമ്പോള്‍ തന്നെ ഏറ്റവും പ്രധാനമായി ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വിപണിയെയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലടക്കം കേരളത്തിന്റെ നീര ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് കരുതുന്നുണ്ട്. നിലവില്‍ ഇന്തോനേഷ്യയില്‍ നിന്ന് വന്‍ തോതിലാണ് നീര ഉത്പന്നങ്ങളുടെ കയറ്റുമതിയുള്ളത്. അന്താരാഷ്ട്ര വിപണിയിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതോടൊപ്പം മില്‍മ മോഡല്‍ നീര സ്റ്റാളുകള്‍ തുടങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലൊക്കെ നീരയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest