Connect with us

National

നെതര്‍ലാന്‍ഡ്‌സ് മാതൃകയില്‍ സൈക്കിള്‍ സഞ്ചാര പദ്ധതിയുമായി യു പി

Published

|

Last Updated

ലക്‌നോ: നെതര്‍ലാന്‍ഡ്‌സില്‍ പരീക്ഷിച്ച് വിജയിച്ച സൈക്കിള്‍ സവാരിയെ പ്രോത്സാഹിപ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. യു പിയിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് സൈക്കിള്‍. നോയിഡയിലാണ് ഇതിന് തുടക്കം കുറിക്കുക. തിരഞ്ഞെടുത്ത നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സൈക്കിള്‍ ട്രാക്കുകളും സ്റ്റാന്‍ഡുകളും സംവിധാനിക്കുന്നതിന് സമയബന്ധിത പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണം കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് സൈക്കിള്‍ സവാരി കൊണ്ട് ഉദ്ദേശിക്കുന്നത്.
നെതര്‍ലാന്‍ഡ്‌സില്‍ ഗതാഗതത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് സൈക്കിളാണ്. ഇതുസംബന്ധിച്ച് പഠിക്കാനായി അഖിലേഷ് യാദവ് ഒരാഴ്ച നെതര്‍ലാന്‍ഡ്‌സില്‍ തങ്ങിയിരുന്നു. പുതിയ നഗരങ്ങളില്‍ സൈക്കിള്‍ ട്രാക്കുകള്‍ അടിയന്തരമായി നിര്‍മിക്കുമെന്ന് അടിസ്ഥാന സൗകര്യ വ്യവസായ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് സറന്‍ പറഞ്ഞു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റി, ഗൗതം ബുദ്ധ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് പദ്ധതിക്ക് വേണ്ടി ഏല്‍പ്പിച്ചത്. നാല് ചക്ര വാഹനങ്ങള്‍ക്ക് പകരം തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സൈക്കിളുകള്‍ ഉപയോഗിക്കാനാണ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നത്.
പദ്ധതിയില്‍ പങ്കാളിയാകാന്‍ നെതര്‍ലാന്‍ഡ്‌സിനോട് അഭ്യര്‍ഥിക്കും. ഇതിനായി ഒരു സംഘം അവിടേക്ക് പോകുന്നുണ്ട്. ഗതാഗതത്തിന്റെ പ്രധാന മാധ്യമമായി സൈക്കിള്‍ സഞ്ചാരത്തെ ഉപയോഗിക്കുന്ന പദ്ധതി ഗൗതം ബുദ്ധ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഔദ്യോഗികമായി തുടങ്ങും. ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈക്കിള്‍ സഞ്ചാരം ശീലമാക്കും. മൂന്ന് മാസത്തിന് ശേഷം ക്യാമ്പസില്‍ മറ്റ് വാഹനങ്ങള്‍ നിരോധിക്കും. സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വ്യവസായ യൂനിറ്റുകളിലെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൈക്കിളുകള്‍ നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.

Latest