റെയില്‍ ശൃംഖലയില്‍ ചൈന ശതകോടികളുടെ മുതല്‍മുടക്കിന്

Posted on: September 15, 2014 6:00 am | Last updated: September 14, 2014 at 11:40 pm
SHARE

indochinaന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍ ശൃംഖലയില്‍ ചൈന കോടിക്കണക്കിന് ഡോളര്‍ മുതല്‍മുടക്കും. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഈ ആഴ്ച ഇന്ത്യയിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് നയതന്ത്ര വിഷയങ്ങള്‍ക്കപ്പുറം മുതല്‍മുടക്ക് പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ ഊന്നുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വ്യാപാര, വാണിജ്യ സാധ്യതകള്‍ തേടി ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈനയുടെയും ജപ്പാന്റെയും ഇന്ത്യയുടെയും നേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തുന്നതിന്റെ തിരക്കിലാണ്.
അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും വാണിജ്യ രംഗത്ത് സഹകരിക്കാനും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ചൈന തയ്യാറായിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3500 കോടി രൂപയുടെ മുതല്‍ മുടക്ക് നടത്താന്‍ ജപ്പാന്‍ സമ്മതിച്ചതിന് പിറകേയാണിത്. കഴിഞ്ഞ മാസം മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു വന്നത്.
പുതിയ ട്രാക്കുകള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ചൈനയും ഉടന്‍ ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 67 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 11,000 കിലോമീറ്റര്‍ ട്രാക്കുകള്‍ മാത്രമാണ് പുതുതായി സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിനിടെ മാത്രം ചൈന 14,000 കിലോമീറ്റര്‍ ട്രാക്കുകളാണ് ഒരുക്കിയത്. ഈ വേഗവും സാങ്കേതിക തികവും ഇന്ത്യയില്‍ ഉപയോഗിക്കാനാണ് ശ്രമിക്കുക. ഇന്ത്യയില്‍ ഹൈ സ്പീഡ് ട്രെയിനുകളുടെ നല്ലൊരു കമ്പോളവും ചൈന കാണുന്നുണ്ട്. വേഗമേറിയ ട്രെയിനുകള്‍ക്കുള്ള ഓട്ടോമാറ്റിക് സിഗ്നല്‍ ഒരുക്കുന്നതിലും ചൈനീസ് പങ്കാളിത്തം ഉണ്ടാകും. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിലും ചൈന മുതല്‍ മുടക്കും. അതിവേഗ ട്രെയിനുകള്‍ ജപ്പാനേക്കാള്‍ ചെലവ് കുറഞ്ഞതാണ് തങ്ങളുടെതെന്നാണ് ചൈനയുടെ വാഗ്ദാനം.
റെയില്‍ ആധുനികവത്കരണത്തില്‍ ഇന്ത്യക്ക് ശക്തവും യഥാര്‍ഥവുമായ ആഗ്രഹമുണ്ടെന്ന് ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ലിയു ജിയാന്‍ചാവോ പറഞ്ഞു. അതിവേഗ റെയില്‍വേ സ്ഥാപിക്കുന്നതിലും ഇന്ത്യക്ക് അതിയായ താത്പര്യമുണ്ട്. ഈ ഉദ്യമങ്ങളോട് സഹകരിക്കണമെന്ന് തന്നെയാണ് ചൈനയുടെ സമീപനമെന്ന് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
റെയില്‍വേ ആധുനികവത്കരണത്തില്‍ ചൈനയുടെ മുതല്‍മുടക്ക് 5000 കോടിയിലെത്തിയേക്കാമെന്ന് മുംബൈയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലിയു യൗഫ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയിലെ റോഡുകള്‍, തുറമുഖങ്ങള്‍, നദീസംയോജന പദ്ധതികള്‍ തുടങ്ങിയവയില്‍ മറ്റൊരു 5000 കോടി ഡോളറും ചൈന മുടക്കിയേക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി കുറച്ചുകൊണ്ടുവരുന്നതിനും ഈ നിക്ഷേപങ്ങള്‍ ഉപകരിക്കും. ഇന്ത്യക്ക് പ്രതികൂലമായ ഈ വ്യാപാര കമ്മി 2013ല്‍ 3100 കോടി ഡോളറാണ്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും ആടിയുലഞ്ഞ ഇന്ത്യാ- ചൈനീസ് ബന്ധത്തില്‍ പുതിയ യുഗപ്പിറവിയാണ് ഇരുരാജ്യങ്ങളും സി ജിന്‍പിംഗിന്റെ വരവിലൂടെ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന നടത്തുന്ന സൈനിക അഭ്യാസത്തിലും അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളിലും ഇന്ത്യക്ക് പ്രതിഷേധമുണ്ട്. ബുധനാഴ്ച അഹമ്മാദാബാദില്‍ നിന്നാണ് സി ജിന്‍പിംഗ് തന്റെ സന്ദര്‍ശനം ആരംഭിക്കുക. അന്നാണ് മോദിയുടെ 64ാം ജന്‍മദിനം.