ഗ്രേറ്റ് ബ്രിട്ടന്‍ അസ്തമിക്കുമോ?

Posted on: September 15, 2014 6:00 am | Last updated: September 14, 2014 at 10:44 pm
SHARE

scotlandകാലത്തിന്റെ കയറില്‍ ബന്ധിക്കപ്പെട്ടാണോ ജനപഥങ്ങള്‍ രാഷ്ട്രസംവിധാനങ്ങളില്‍ നിലനിന്ന് പോരുന്നത്? അല്‍പ്പം തത്വശാസ്ത്രപരമായ ചോദ്യമാണ് അത്. എന്നാല്‍ പ്രായോഗികമായ ചില ശരികള്‍ ആ ചോദ്യത്തിലുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ നിരവധി കോണ്‍ഫെഡറേഷനുകള്‍ ഒലിച്ചു പോയിട്ടുണ്ട്. കാലം പോകെപ്പോകെ സ്വാതന്ത്ര്യവാഞ്ഛകള്‍ ഉണരുന്നു. പുതിയ കാലം നല്‍കുന്ന ആത്മവിശ്വാസവും നേതൃശേഷിയും രാഷ്ട്രവിഭജനങ്ങള്‍ക്ക് വഴി വെക്കുന്നു. സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് നവ സോവിയറ്റ് രാഷ്ട്രങ്ങള്‍ പിറന്നത് അങ്ങനെയാണ്. അത് ഒരു സുപ്രഭാതത്തില്‍ സംഭവിച്ച ഒന്നായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ആശയ സമരത്തിന്റെയും ഭൗതിക സംഘര്‍ഷങ്ങളുടെയും ഉത്പന്നമാണ് ഈ രാഷ്ട്രങ്ങളെല്ലാം. കോളനിവത്കരണത്തിലൂടെ രാഷ്ട്രീയ അതിര്‍ത്തികള്‍ മായിച്ചു കളഞ്ഞ ഒരു കാലത്തെ മറികടന്ന് സ്വതന്ത്ര രാഷ്ട്രങ്ങളുടെ നിര തന്നെ പിറന്നു. വാനിലുയര്‍ന്ന വിദേശ പതാകകള്‍ താഴ്ത്തി സ്വന്തം കൊടിപ്പെരുമ ഉയര്‍ത്താന്‍ ഇന്ത്യയടക്കമുള്ള ജനപഥങ്ങള്‍ക്ക് സാധിച്ചത് കൊണ്ടാണ് ലോകക്രമം ഇത്രയെങ്കിലും ജനാധിപത്യപരമായിരിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ പിറന്നപ്പോള്‍ വേര്‍പിരിയലും കൂടിച്ചേരലും ഒരുമിച്ച് സംഭവിച്ചു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ വിശേഷണം ചാര്‍ത്തി നല്‍കപ്പെട്ട ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ പ്രാദേശികമായ കുറേ സ്വാതന്ത്ര്യ ദാഹങ്ങളെ നിതാന്തമായി അലയാന്‍ വിടുകയായിരുന്നു. ഇടക്കിടക്ക് ആളിക്കത്തുന്ന തീക്കൂന പോലെ ആ ദാഹം തലമുറകള്‍ കടന്ന് പോകവേ പലപ്പോഴും ഉണര്‍ന്ന് കൊണ്ടിരിക്കും. ദേശീയ വികാരത്തിന്റെ ഇത്തിരി ശമനൗഷധത്തില്‍ അവ അടങ്ങും. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും ഇത്തരം വിട്ടു പോകല്‍ പ്രവണതകള്‍ ഉണ്ട്. അന്നാട്ടുകാരുടെ ഹിതം ചോദിച്ചാലറിയാം അവര്‍ നില്‍ക്കുമോ പോകുമോയെന്ന്.

ഗ്രേറ്റ് ബ്രിട്ടന്‍ വെറും ബ്രിട്ടന്‍
അത്തരമൊരു ഹതപരിശോധനയുടെ വക്കിലാണ് ഗ്രേറ്റ് ബ്രിട്ടന്‍. സ്‌കോട്ട്‌ലാന്‍ഡ് വേര്‍പെട്ടുപോകാനാണ് ഹിതമെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ഇനിമേല്‍ ഗ്രേറ്റല്ലാതാകും. ഇംഗ്ലണ്ട്, വെയില്‍സ്, ഉത്തര അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവയടങ്ങിയ ആകെത്തുകയില്‍ നിന്ന് സ്‌കോട്ടുകളെ കുറച്ചാല്‍ കിട്ടുന്ന വിഷമസംഖ്യയാകും ബ്രിട്ടന്‍. ആ രാജ്യത്തിന്റെ സ്വഭാവത്തില്‍ വലിയ പരുക്കായിരിക്കും അത് ഏല്‍പ്പിക്കുക. 1707 മെയ് ഒന്നിന് നിലവില്‍ വന്ന ഗ്രേറ്റ് ബ്രിട്ടന്‍ പാര്‍ലിമെന്റ് അതോടെ അസാധുവാകും. പിന്നെ ബ്രിട്ടന്റെ പാര്‍ലിമെന്റും സ്‌കോട്ട്‌ലാന്‍ഡിന്റെ പാര്‍ലിമെന്റും. ഇപ്പോള്‍ തന്നെ സ്‌കോട്ട്‌ലാന്‍ഡിന് പ്രത്യേകമായ ഭരണ സംവിധാനം അനുവദിച്ചു നല്‍കിയിട്ടുണ്ട്. അത് പോരാ, സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണ് സ്‌കോട്ട്‌ലാന്‍ഡിലെ ഒരു വിഭാഗം വാദിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡ് നാഷനലിസ്റ്റ് പാര്‍ട്ടി മേധാവി അലക്‌സ് സാല്‍മണ്ടിന്റെ നേതൃത്വത്തില്‍ ഒരു ദശകമായി തുടരുന്ന സമ്മര്‍ദവും സമരവുമാണ് ഈ മാസം 18ലെ ഹിതപരിശോധനയില്‍ കലാശിച്ചിരിക്കുന്നത്. 18 എന്ന തീയതിക്ക് തന്നെ വലിയ പ്രധാന്യമുണ്ട്. 1314ല്‍ സ്‌കോട്ടിഷ് സൈന്യം ഇംഗ്ലീഷുകാരുടെ മേല്‍ വിജയം വരിച്ചത് ഇത്തരമൊരു സെപ്തംബര്‍ 18ന് ആയിരുന്നുവെന്നാണ് ചരിത്രം. ഇപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡില്‍ താമസിക്കുന്ന പതിനാറ് വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വോട്ടിംഗില്‍ പങ്കെടുക്കാം. ബ്രിട്ടന്റെ മറ്റിടങ്ങളില്‍ താമസിക്കുന്ന എട്ട് ലക്ഷത്തോളം വരുന്ന സ്‌കോട്ടുകള്‍ക്ക് ഹിതപരിശോധനയില്‍ പങ്കെടുക്കാനാകില്ല. ഒറ്റ ചോദ്യം: സ്‌കോട്ട്‌ലാന്‍ഡ് ഒരു സ്വതന്ത്ര രാജ്യമാകണോ? യെസ് അല്ലെങ്കില്‍ നോ.
അത്യന്തം വൈകാരികമായ പ്രചാരണങ്ങളാണ് വേര്‍പെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടന്നത്. പാശ്ചാത്യ തിരഞ്ഞെടുപ്പുകളിലെ മുഖ്യ ഇനമായ ടി വി സംവാദങ്ങളില്‍ തീപ്പൊരി ചിതറി. ഐക്യത്തെ അനുകൂലിക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ സഖ്യത്തിന് (കണ്‍സര്‍വേറ്റുകള്‍, ലേബര്‍ പാര്‍ട്ടിക്കാര്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍) വേണ്ടി അലിസ്റ്റെയര്‍ ഡാര്‍ലിംഗും വിഭജനത്തിന്റെ വക്താവും സ്‌കോട്ട് പാര്‍ലിമെന്റിലെ ഫസ്റ്റ് മന്ത്രിയും സ്‌കോട്ട് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവുമായ അലക്‌സ് സാല്‍മണ്ടും തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ വിയര്‍ത്തു. ഇരു പക്ഷത്തിനും ന്യായീകരിക്കാന്‍ ഏറെയുണ്ട്. വിഭജനത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ആദ്യഘട്ടത്തില്‍ ഡാര്‍ലിംഗ് ഊന്നിയത്. വേര്‍പെട്ടു പോകുന്ന സ്‌കോട്ട്‌ലാന്‍ഡ് സാമ്പത്തികമായി വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കും. നാണയമായി എന്ത് ഉപയോഗിക്കും. ആസ്തി, ബാധ്യതകള്‍ എങ്ങനെ വീതിക്കപ്പെടും. ബേങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം ലഭിക്കുമോ. അന്താരാഷ്ട്ര ബന്ധങ്ങള്‍ എങ്ങനെ രൂപപ്പെടുത്തും? ചോദ്യങ്ങളുടെ നിര തന്നെ തൊടുത്തു വിട്ടു ഡാര്‍ലിംഗ്. സാല്‍മണ്ടിന്റെ ആവനാഴിയില്‍ കൃത്യമായ ഉത്തരങ്ങള്‍ ഇല്ലായിരുന്നു. സ്‌കോട്ട് വികാരത്തില്‍, ദേശീയതയില്‍, വ്യതിരിക്തതയില്‍ മാത്രം കാലുറപ്പിച്ച് നില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആദ്യ ടി വി ഡിബേറ്റുകളില്‍ സാല്‍മണ്ട് തോറ്റമ്പിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത ഘട്ടങ്ങളില്‍ അദ്ദേഹം താളം കണ്ടെത്തി. ‘വ്യത്യസ്തമായ സാംസ്‌കാരിക, സാമൂഹിക സ്വത്വമുള്ള സ്‌കോട്ടിഷ് ദ്വീപ് സമൂഹം എന്തിന് കാലാകാലവും ബ്രിട്ടന്റെ ഭാഗമാകണം? അവിടെ മാറി മാറിവരുന്ന സര്‍ക്കാറുകളുടെ നയപരിപാടികള്‍ക്ക് ഇരകളാകേണ്ട കാര്യം സ്‌കോട്ട്‌ലാന്‍ഡിന് ഉണ്ടോ? മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് നാമത് കണ്ടതാണ്. അന്ന് ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്‌കോട്ട്‌ലാന്‍ഡിന് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിച്ചു. സ്വയം നിര്‍ണയ അവകാശത്തിന്റെ പാതയിലാണ് ലോകം മുഴുവന്‍. ഈ ധാരയില്‍ ചേരുകയാണ് നാം ചെയ്യേണ്ടത്. അക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതക്കോ, രാജ്ഞിക്കോ എതിര്‍പ്പില്ല. സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന വാദഗതികള്‍ ആശങ്കകള്‍ മാത്രമാണ്. സാധ്യതകളാണ് നാം കാണേണ്ടത്. പരിമിതികളെയും പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റാനുള്ള വൈഭവം സ്‌കോട്ട് ജനതക്കുണ്ട്’. സാല്‍മണ്ട് കത്തിക്കയറി. അതോടെ മാധ്യമങ്ങള്‍ ഒന്നാകെ എഴുതി ‘യെസ്’ വോട്ടുകാര്‍ മുന്നേറിയിരിക്കുന്നുവെന്ന്.
അപ്പോഴാണ് അങ്ങേയറ്റത്തെ സെന്റിമെന്റ്‌സുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പ്രതിപക്ഷ നേതാവ് മിലിബാന്‍ഡും എഡിന്‍ബര്‍ഗില്‍ വന്നിറങ്ങിയത്. സ്‌കോട്ട്‌ലാന്‍ഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയവും ആത്മാവുമാണെന്ന് കാമറൂണ്‍ പറഞ്ഞു. കുടുംബം തകര്‍ക്കരുതെന്ന് അദ്ദേഹം കേണപേക്ഷിച്ചു. ബെറ്റര്‍ ടുഗദര്‍ എന്ന വിഭജനവിരുദ്ധ മുന്നണി സംഘടിപ്പിച്ച പരിപാടികളില്‍ കാമറൂണ്‍ ദീര്‍ഘദീര്‍ഘം സംസാരിച്ചു. വേദനാജനകമായ വേര്‍പിരിയല്‍ വിധിക്കരുതെന്ന് മിലിബാന്‍ഡും സ്‌കോട്ട് ജനതയോട് അഭ്യര്‍ഥിച്ചു. ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ നോ വോട്ടിനായി പച്ചയായി പ്രചാരണം നടത്തുന്നുണ്ട്. വൈകാരികമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നാണ് ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ ഉപദേശിക്കുന്നത്. വിഭജിച്ചാല്‍ എന്താണ് ഗുണം? ഒരുമിച്ചാല്‍ എന്താണ് ഗുണം? ഇതാണ് ചോദ്യം. കീ ഇഷ്യു ഈസ് നോട്ട് ഐഡന്റിറ്റി ബട്ട് ഇഫക്ടീവ്‌നസ്സ്: ബെറ്റര്‍ അപ്പാര്‍ട്ട് ഓര്‍ ബെറ്റര്‍ ടുഗദര്‍?

സ്വാതന്ത്ര്യദാഹത്തിന്റെ ചരിത്രം
ഹിതപരിശോധനയുടെ പോസ്റ്റല്‍ വോട്ടുകള്‍ ആരംഭിച്ചിരിക്കെ അഭിപ്രായ വോട്ടെടുപ്പുകള്‍ അന്തരീക്ഷത്തില്‍ നിറയുന്നുണ്ട്. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ നേതാക്കള്‍ ഒറ്റക്കെട്ടായി ഐക്യത്തിനായി പ്രചാരണം നടത്തിയതോടെ നോ വോട്ടുകളുടെ തുലാസ് അല്‍പ്പം താഴ്ന്നിട്ടുണ്ടെന്നാണ് സര്‍വേക്കാര്‍ പറയുന്നത്. 53 ശതമാനം പേര്‍ ഐക്യ അനുകൂലികളാണത്രേ. പക്ഷേ ഇനിയും തീരുമാനമെടുക്കാത്ത 20 ശതമാനം പേരുണ്ട്. ഇവര്‍ എന്ത് തീര്‍പ്പിലെത്തുമെന്നത് നിര്‍ണായകമാണ്. ആകെ ജനസംഖ്യ അമ്പത് ലക്ഷത്തിലധികമാണ്. ആളോഹരി വരുമാനം 44,000 ഡോളറിലധികവും. അതിസമ്പന്ന രാഷ്ട്രം. 1989ല്‍ മാര്‍ഗരറ്റ് താച്ചര്‍ കൈക്കൊണ്ട വിവേചനപരമെന്ന് വ്യാഖ്യാനിക്കാവുന്ന നികുതിനയത്തിന്റെ ഭാഗമായാണത്രേ ആധുനിക കാലത്ത് സ്‌കോട്ട് സ്വാതന്ത്ര്യ ദാഹമുണര്‍ന്നത്. അത് സാങ്കേതികമായ ഒരു അടയാളം മാത്രമാണ്. ഒരു സംഭവം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല വിട്ടുപോകല്‍ ത്വര. അത് സങ്കീര്‍ണമായ സാമൂഹിക, രാഷ്ട്രീയ പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. 2007ല്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സംവാദം പ്രഖ്യാപിച്ചതാണ് ഈ ദിശയില്‍ ഈയടുത്ത് നടന്ന നീക്കം. സ്‌കോട്ട് പാര്‍ലിമെന്റിന്റെ അധികാരപരിധി ഉയര്‍ത്താന്‍ നിയമനിര്‍മാണം കൊണ്ടുവരുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിരുന്നു. യു കെയില്‍ നിന്ന് വേര്‍പിരിയണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധന നടത്താനും ഈ സംവാദം നിര്‍ദേശിച്ചു. പക്ഷേ പ്രമുഖ പാര്‍ട്ടികളൊന്നും അന്ന് അതിന് സമ്മതം മൂളിയില്ല. പകരം ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ അധികാരങ്ങള്‍ നേടിയെടുക്കാനാണ് ശ്രമിച്ചത്. സാമൂഹിക സുരക്ഷ, പ്രതിരോധം, അന്താരാഷ്ട്ര ബന്ധങ്ങള്‍, പ്രക്ഷേപണം തുടങ്ങിയ കേന്ദ്ര വിഷയങ്ങളില്‍ നിന്ന് ചിലതെങ്കിലും സ്വന്തമാക്കാന്‍ സ്‌കോട്ട് പാര്‍ലിമെന്റ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. എന്നാല്‍ സാല്‍മണ്ടിന്റെ സ്‌കോട്ട് നാഷനല്‍ പാര്‍ട്ടി സ്വാതന്ത്ര്യ പ്രചാരണവുമായി തന്നെ മുന്നോട്ട് പോയി. 2009 ആഗസ്റ്റില്‍ അദ്ദേഹം ഹിതപരിശോധനാ ബില്‍ കൊണ്ടുവന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് പരാജയപ്പെടുത്തി. എന്നാല്‍ 2011ലെ തിരഞ്ഞെടുപ്പില്‍ സ്‌കോട്ട് ദേശീയ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത് ഹിതപരിശോധന മുന്നില്‍ വെച്ചായിരുന്നു. തിരഞ്ഞെടുപ്പില്‍ സാല്‍മണ്ടും സംഘവും വന്‍ വിജയം നേടിയതോടെ ഹിതപരിശോധനയെന്ന ആവശ്യം അപ്രതിരോധ്യമായി മാറി. അങ്ങനെയാണ് സ്‌കോട്ട്‌ലാന്‍ഡ് ഈ വഴിത്തിരിവില്‍ എത്തിയത്. ബ്രിട്ടനും.

ഹിതപരിശോധനക്ക് ശേഷം
‘യെസ്’ ആയാലും ‘നോ’ ആയാലും ഒരു കാര്യം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അത് സ്‌കോട്ട് ജനതയുടെ വിഭജനമാണ്. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും നെടുകെ പിളര്‍ന്ന ഒരു പൗരസമൂഹം എന്ത് പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ സ്‌കോട്ട്‌ലാന്‍ഡിലും ബ്രിട്ടനിലും ഉണ്ടാക്കുകയെന്ന് പറയാനാകില്ല. വിഭജനമാണ് ഹിതമെങ്കില്‍ സങ്കീര്‍ണമായ പ്രക്രിയയിലൂടെയായിരിക്കും സ്‌കോട്ട്‌ലാന്‍ഡ് കടന്നു പോകുക. പതിനെട്ട് മാസം കഴിഞ്ഞ് 2016 മാര്‍ച്ചിലാകും പുതിയ രാഷ്ട്രം നിലവില്‍ വരിക. സൈന്യത്തിന്റെ വിഭജനം എപ്രകാരമായിരിക്കും, ഏത് കറന്‍സി ഉപയോഗിക്കും, യൂറോ ലഭിക്കുമോ, ബ്രിട്ടീഷ് കടത്തിന്റെ ഒരു ഭാഗം സ്‌കോട്ട്‌ലാന്‍ഡിന്റെ തലയില്‍ വരുമോ? നിരവധി ചോദ്യങ്ങള്‍ വാ പിളര്‍ത്തി നില്‍ക്കും. സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡ് അടക്കം നിരവധി അഹങ്കാരങ്ങള്‍ ബ്രിട്ടന് നഷ്ടമാകും. ഗ്രേറ്റ് ബ്രിട്ടന്റെ അവസാന പ്രധാനമന്ത്രിയെന്ന ‘പാപമുദ്ര’ പേറുന്ന ഡേവിഡ് കാമറൂണിന്റെ രാഷ്ട്രീയ ഭാവി തന്നെ അസ്തമിച്ചേക്കാം. കാമറൂണിന് വിഭജനം കഷ്ടകാലമാണെങ്കിലും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അത് നല്ല കാലത്തിന്റെ തുടക്കമായിരിക്കും. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് വേര്‍പെട്ട് പോകുന്നത്. ഇനി നോ വോട്ടാണ് വിജയിക്കുന്നതെങ്കിലോ? സ്‌കോട്ട്‌ലാന്‍ഡിനെ ബ്രിട്ടന്‍ അഗാധമായി പരിഗണിക്കും. കൂടുതല്‍ വികേന്ദ്രീകൃത സ്വഭാവമുള്ള ഫെഡറലിസത്തിന് അത് തയ്യാറാകും. ഡേവിഡ് കാമറൂണിന്റെ ശ്വാസം നേരെയാകും.
ബ്രിട്ടനു പുറത്തും ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളുണ്ടാകും. വേര്‍പിരിയാന്‍ തീരുമാനമായാല്‍ സ്‌പെയിനിലെ കാറ്റലോണിയയില്‍ അടക്കം നിരവധി ഇടങ്ങളില്‍ ഹിതപരിശോധനക്കായുളള മുറവിളി ഉയരും. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് ഒരു രാഷ്ട്ര നേതാവ് പോലും സ്‌കോട്ട്‌ലാന്‍ഡിന്റെ വിഭജനത്തിനായി വാദിക്കാത്തത്. കാശ്മീര്‍ ഇന്ത്യയിലായതിനാല്‍ സ്‌കോട്ട്‌ലാന്‍ഡ് നമുക്കും വളരെ അടുത്താണ്.