കല്‍ക്കരി പാടത്ത് വീണ്ടും ചോദ്യങ്ങള്‍

Posted on: September 15, 2014 6:05 am | Last updated: September 14, 2014 at 10:40 pm
SHARE

നീതിപീഠങ്ങള്‍ പലപ്പോഴും സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. അത്‌കൊണ്ടാണ് നീതിന്യായ സംവിധാനം ജനങ്ങളുടെ അവസാന അത്താണിയായി നിലകൊള്ളുന്നത്. അത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിപ്പെടുമ്പോള്‍ വല്ലാത ആശങ്കപ്പെടുന്നതും അതുകൊണ്ടാണ്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ അഥവാ ഭരണ നിര്‍വഹണ വിഭാഗത്തിന്റെ അനവധി കൊള്ളരുതായ്മകള്‍ നീതിന്യായ വിഭാഗത്തിന്റെ നിതാന്തവും നിശിതവുമായ ജാഗ്രത കൊണ്ട് മാത്രം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കല്‍ക്കരി കേസ് മാറുകയാണ്. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് പ്രമുഖര്‍ക്ക് തീറെഴുതുന്നത് നോക്കിനില്‍ക്കാനാകില്ലെന്ന ശക്തമായ സന്ദേശം തന്നെയാണ് പരമോന്നത കോടതിയും മറ്റ് കോടതികളും ഈ കേസില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വന്‍കിട വ്യവസായി കുമാര്‍ മംഗലം ബിര്‍ള, കല്‍ക്കരി സെക്രട്ടറി പി സി പരേഖ് തുടങ്ങിയവര്‍ പ്രതികളായ കല്‍ക്കരി പാടം കേസ് അവസാനിപ്പിക്കാന്‍ സി ബി ഐക്ക് എന്താണ് തിടുക്കമെന്നാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ ചോദിച്ചത്. ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍ക്കോക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ അനുമതി നല്‍കിയ സക്രീനിംഗ് കമ്മിറ്റിയുടെ മിനുട്‌സ് കാണാനില്ലെന്ന് അന്വേഷണോദ്യാഗസ്ഥന്‍ മൊഴി നല്‍കിയപ്പോഴായിരുന്നു സി ബി ഐയെ കോടതി നിശിതമായി വിമര്‍ശിക്കുകയും മേലുദ്യാഗസ്ഥനെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തത്. ‘നിങ്ങള്‍ എന്ത് അന്വേഷണമാണ് നടത്തയത്? നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ എന്ത് ചെയ്യുകയായിരുന്നു? രേഖകള്‍ കോടതിയിലേക്ക് അയച്ചു തരുന്ന പണി മാത്രമാണോ മേലുദ്യോഗസ്ഥന്‍ ചെയ്തത്’? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. കേസ് ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ജഡ്ജി തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ അസ്സല്‍ മിനുട്‌സ് കാണാതായെന്നും അതിന്റെ നക്കല്‍ ഹാജരാക്കിക്കൊണ്ട് അത് കല്‍ക്കരി മന്ത്രാലയം ശരിയെന്ന് വിധിച്ചിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിക്കാന്‍മേലുദ്യോഗസ്ഥനായ എസ് പി നിര്‍ഭയകുമാര്‍ ശ്രമിച്ചു. എന്നാല്‍ അസ്സല്‍ ഇല്ലാതെ എങ്ങനെയാണ് നക്കല്‍ സ്ഥിരീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാറും ഹിന്‍ഡാല്‍ക്കോക്ക് പാടം അനുവദിച്ചിട്ടുണ്ടെന്ന് സി ബി ഐ. എസ് പി പറഞ്ഞു. ഊര്‍ജ മന്ത്രാലയം അത് തള്ളിയിട്ടുണ്ടല്ലോ എന്ന് ഇതിന് മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
ഈ നടപടികളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കല്‍ക്കരി പാടം കേസുകളില്‍ എന്തൊക്കെയോ അംലഭാവങ്ങള്‍ നടക്കുന്നുണ്ട്. കേസന്വേഷിക്കുന്ന സി ബി ഐക്ക് അടി മുതല്‍ മുടി വരെ ഈ കേസിന്റെ കാര്യത്തില്‍ ചില ഇടര്‍ച്ചകള്‍ സംഭവിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കല്‍ക്കരി കേസിലെ പ്രതികള്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചുവെന്ന് കാണിച്ച് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. 2 ജി സ്‌പെക്ട്രം കേസിലെ പ്രതികളും അദ്ദേഹത്തെ കണ്ടുവത്രേ. ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിത്. ഇത്തരം ഇടപെടലുകള്‍ക്ക് സാധ്യത ഏറെയാണ്. കോമണ്‍ കോസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഈ ആരോപണം വെറുതെ ഉന്നയിച്ചതല്ല, മറിച്ച് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്ററിന്റെ പകര്‍പ്പ് അദ്ദേഹം കോടതിയില്‍ സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിന്‍ഹക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് വിലയിരുത്തിയ കോടതി വിശദീകരണം തേടി നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ കേസിന്റെ വിചാരണയെ ബാധിക്കുമെന്നതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ലെന്ന നിലപാടാണ് സി ബി ഐ ഡയറക്ടര്‍ കോടതിയില്‍ സ്വീകരിച്ചത്. ആരോപണങ്ങളെക്കുറിച്ച് വാക്കാല്‍ മറുപടി നല്‍കാമെന്ന് രഞ്ജിത് സിന്‍ഹക്കുവേണ്ടി ഹാജരായ അഡ്വ. വികാസ് സിംഗ് പറഞ്ഞു. ഈ നിലപാട് കോടതി അംഗീകരിച്ചില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പറ്റില്ലെന്ന സി ബി ഐ ഡയറക്ടറുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദത്തു വ്യക്തമാക്കി. ഒടുവില്‍ സിന്‍ഹ നല്‍കിയ സത്യവാങ്മൂലം ഊന്നുന്നത് പ്രശാന്ത് ഭൂഷണ് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ ആര് തന്നുവെന്ന് വ്യക്തമാക്കണമെന്നതിലാണ് താനും.
ജനങ്ങള്‍ വന്‍ തോതില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു ഏജന്‍സിയുടെ പ്രതിച്ഛായ അങ്ങേയറ്റം മോശമാക്കുന്നതാണ് പരമോന്നത കോടതിയിലും കീഴ്‌ക്കോടതിയിലും അരങ്ങേറുന്ന സംഭവപരമ്പരകള്‍. കോടതി ചോദിക്കുന്ന ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. കല്‍ക്കരി കേസില്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണ് സി ബി ഐയും അതിന്റെ ടീമും. അതില്‍ നിന്ന് അവര്‍ പുറത്ത് കടക്കേണ്ടതുണ്ട്. ആരുടെയൊക്കെ കൈകളിലാണ് ചെളി പുരണ്ടിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആ അവകാശം വകവെച്ചുകൊടുക്കാന്‍ മുന്‍കൈയെടുക്കേണ്ടത് സി ബി ഐ തന്നെയാണ്. അല്ലെങ്കില്‍ കോടതികളില്‍ നിന്ന് കൂടുതല്‍ പ്രഹരങ്ങള്‍ അത് അനുഭവിക്കേണ്ടി വരും.