Connect with us

Kasargod

തകര്‍ന്ന റോഡുകള്‍;ദുരിതംപേറി ജനങ്ങള്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: തകര്‍ന്ന് തരിപ്പണമായ റോഡുകള്‍, കുണ്ടും കുഴിയുമായത് കാരണം ബസ്സുകളെ ചാഞ്ചാട്ടുന്ന ബസ് സ്റ്റാന്‍ഡ് തുടങ്ങി തൃക്കരിപ്പൂര്‍ ടൗണിലെയും പരിസരങ്ങളിലെയും റോഡ് ഗതാഗതം അതീവ പരിതാപകരമായ അവസ്ഥയിലായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നേരത്തെ തകര്‍ന്ന റോഡ് മഴവന്നതോടെയാണ് തീര്‍ത്തും ശോചനീയമായത്. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ റോഡ്, വടക്കെക്കൊവ്വല്‍ റോഡ്, തങ്കയം മുക്കില്‍ നിന്നും പയ്യന്നൂരിലേക്കുള്ള ബൈപാസ് റോഡ് തുടങ്ങിയവയാണ് കാല്‍നട പോലും അസാധ്യമായ രീതിയില്‍ തകര്‍ന്നത്.

പഞ്ചായത്ത് കാര്യാലയത്തിന്റെ മൂക്കിന് താഴെയായി നിലകൊള്ളുന്ന, ദിവസവും നൂറോളം ബസ് സര്‍വീസുകളുള്ള ബസ്സ്റ്റാന്‍ഡിന്റെ പുറത്തേക്കുള്ള കവാടം തകര്‍ന്നിട്ട് നാളുകളേറെയായി. ഇതുവഴി കയറിയിറങ്ങി കടന്നുപോകുന്ന ബസ്സുകളും യാത്രക്കാരും ഒരുപോലെ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ട്രെയിന്‍യാത്രക്കാരുടെ ഏക ആശ്രയമായ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള റോഡ് കുളമായ അവസ്ഥയിലാണുള്ളത്. ഇതുവഴിയുള്ള കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനങ്ങള്‍ക്കും ചെളിയഭിഷേകമാണ് അനുഭവത്തില്‍.
തങ്കയംമുക്കില്‍ നിന്നും പയ്യന്നൂരിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ ബൈപാസ് റോഡ് പലയിടത്തും ടാറിംഗ് ഇളകി ചെളിവെള്ളം കെട്ടി നില്‍ക്കുകയാണ്.
നിത്യേന നിരവധി രോഗികളുടെ ആശ്രയമായ തങ്കയം താലൂക്കാശുപത്രിയിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗമാണിത്. ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ വാഴവെച്ച് പ്രതിഷേധിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമ പഞ്ചായത്തിന്റെ മുന്നിലൂടെ വടക്കെക്കൊവ്വല്‍ വഴിയുള്ള ജില്ലാ പഞ്ചായത്തിന്റെ റോഡിന്റെ അവസ്ഥയും ശോചനീയമായിട്ട് മാസങ്ങളേറേയായി. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ അവസ്ഥയും വളരെ ദയനീയമാണ്.

Latest