Connect with us

Kasargod

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; ജനം പൊറുതിമുട്ടി

Published

|

Last Updated

രാജപുരം: നഗര-ഗ്രാമ നിരത്തുകള്‍ തെരുവുനായകള്‍ കൈയടക്കി. ജനം ഭീതിയില്‍. നാടിന്റെ മുക്കും മൂലയും തെരുവുനായകളെ കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും അധികൃതര്‍ ഇതൊന്നും കാര്യമായെടുക്കുന്നില്ല. നിത്യവും ഏറെ ജനങ്ങളെത്തുന്ന സ്‌കൂള്‍, ആരാധനാലയങ്ങള്‍, ടൗണുകള്‍ എന്നിവിടങ്ങളിലാണ് ജനസഞ്ചാരത്തിന് ഭീഷണി ഉയര്‍ത്തി തെരുവുനായകള്‍ വിലസുന്നത്.
കഴിഞ്ഞദിവസം കുറ്റിക്കോല്‍ യു പി സ്‌ക്കൂളിലെ കുട്ടികള്‍ക്കുനേരെ അഞ്ചോളം നായ്ക്കള്‍ അക്രമണത്തിനൊരുങ്ങിയെങ്കിലും തൊട്ടടുത്ത അമ്പലത്തിലെത്തിയ ആളുകളെ കണ്ട് പിന്തിരിയുകയായിരുന്നു.
കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലും ഗ്രാമീണ റോഡുകളിലും വാഹനയാത്രയ്ക്ക് പലപ്പോഴും ബുദ്ധി മുട്ടുണ്ടാക്കുന്നു. തെരുവുനായകള്‍ നിരത്തുകളിലൂടെ സൈ്വരവിഹാരം നടത്തുമ്പോഴും ഇതിനെതിരേ എന്തെങ്കിലും ചെയ്യാന്‍ അധികൃതര്‍ തയാറാവുന്നില്ല. ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍, കൊട്ടോടി,ചുളളിക്കര, പാണത്തൂര്‍,കോടോം,പനത്തടി തുടങ്ങി മലയോരത്തെ പ്രധാനകേന്ദ്രങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്
സ്‌ക്കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്ന നായകള്‍ കുട്ടികള്‍ക്ക് ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ബളാന്തോട് ഗവ:ഹയര്‍ സെക്കന്‍ഡറി സക്കൂളില്‍ നായ ശല്യം മൂലം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പനത്തടി പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ മുമ്പ് പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ ഇവിടെ ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. മലയോരത്തെ അനധികൃത അറവുശാലകളും ഹോട്ടല്‍ പരിസരങ്ങളും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. വിവിധ സ്ഥലങ്ങളിലുള്ള മാലിന്യ കൂമ്പാരങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ റോഡിന്റെ പലഭാഗത്തും തെരുവുനായ്ക്കള്‍ കൊണ്ടുവന്നിടുന്നതും പതിവാണ്.കൂട്ടമായുളള ഇവയുടെ സഞ്ചാരം സ്‌ക്കൂള്‍ കുട്ടികളെയാണ് എറെ ഭയപ്പെടുത്തുന്നത്.
തെരുവുനായ്ക്കളുടെ വംശവര്‍ധന തടയുന്നതിനു വന്ധ്യംകരണം നേരത്തെ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഇപ്പോള്‍ നടക്കുന്നി ല്ല.വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പെടുക്കണമെന്നു അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതും വഴിപാടായി മാറിയിരിക്കയാണ്.
തദ്ദേശ ഭരണവകുപ്പും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടനയും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിനു കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍,ഇതൊന്നും വേണ്ടവിധം നടപ്പാക്കാനാകുന്നില്ല. തെരുവുനായ്ക്കളെ പിടിക്കുന്നതിനുള്ള ആളുകളെയും കിട്ടാനില്ലാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ മലയോര ഗ്രാമങ്ങളിലെ കച്ചവടക്കാരും വാഹനയാത്രികരും കാല്‍നടയാത്രക്കാരുമെല്ലാം ഏറെ ദുരിതത്തിലായിരിക്കുകയാണ്. റോഡിലൂടെ വാഹനം വരുന്നത് കണ്ടാലും ഇവ മാറികൊടുക്കാത്ത സ്ഥിതിയുണ്ട്. വളര്‍ത്തു മൃഗങ്ങളെപ്പോലും ഇവ ആക്രമിക്കുന്നതും പതിവായിരിക്കുന്നു.

 

Latest