Connect with us

Kerala

തീര്‍ത്ഥാടകര്‍ വിശുദ്ധ ഭൂമിയില്‍

Published

|

Last Updated

hajj

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീര്‍ഥാടക സംഘം വിശുദ്ധ നഗരിയില്‍ എത്തി. ഇന്നലെ വൈകുന്നേരം 4.35നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘത്തിലെ തീര്‍ഥാടകരെയും വഹിച്ച് സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. സഊദി സമയം രാത്രി 8.15ന് ജിദ്ദ വിമാനത്തവളത്തിലിറങ്ങിയ ഹാജിമാരെ ബസുകളില്‍ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി.
ആദ്യ സംഘത്തില്‍ 350 യാത്രക്കാരാണുള്ളത്. ഇവരില്‍ രണ്ട് പേര്‍ വളണ്ടിയര്‍മാരാണ്. 184 സ്ത്രീകളും 166 പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. പത്തൊമ്പത് സര്‍വീസുകളാണ് ഹജ്ജ് യാത്രക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം 28നാണ് അവസാന വിമാനം. 16, 20, 24, 28 തീയതികളില്‍ രണ്ട് വിമാനങ്ങളും മറ്റ് ദിവസങ്ങളില്‍ ഒരോ വിമാനവുമാണ് പുറപ്പെടുക. 6,846 പേരാണ് കരിപ്പൂരില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്നത്. ഇവരില്‍ 298 പേര്‍ ലക്ഷദ്വീപുകാരും മുപ്പത് പേര്‍ മാഹി സ്വദേശികളുമാണ്. കേരളത്തില്‍ നിന്ന് 21 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് ഒരാള്‍ക്കും ഹജ്ജ് വളണ്ടിയറായി നിയമനം ലഭിച്ചിട്ടുണ്ട്.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിന്ന് മൂന്ന് മണിക്കൂര്‍ മുമ്പ് പ്രത്യേക ബസില്‍ വിമാനത്താവളത്തില്‍ എത്തിയ തീര്‍ഥാടകര്‍ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തില്‍ കയറിയത്. ഒക്‌ടോബര്‍ ഇരുപത് മുതല്‍ നവംബര്‍ മൂന്ന് വരെയാണ് മടക്ക സര്‍വീസ്. ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ സംസ്ഥാനത്തിന് സര്‍വകാല റെക്കോര്‍ഡായിരുന്നു. 56,181 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇവരില്‍ 9,872 പേര്‍ സംവരണ വിഭാഗത്തിലായിരുന്നു. എഴുപത് വയസ്സ് കഴിഞ്ഞവരുടെ സംവരണം ഒന്നാം വിഭാഗത്തില്‍ 2,135 പേരാണ് ഉള്‍പ്പെട്ടത്. തുടര്‍ച്ചയായി നാലാം വട്ടം അപേക്ഷിച്ച 7,637 പേര്‍ രണ്ടാം വിഭാഗത്തിലും ഉള്‍പ്പെട്ടു. കേരളത്തിന് മുസ്‌ലിം ജനസംഖ്യാ അനുപാതത്തില്‍ നിശ്ചയിക്കപ്പെട്ട ക്വാട്ട 5,349 ആണ്. പ്രത്യേക ക്വാട്ടയില്‍ ലഭിച്ച 705 സീറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ സീറ്റ് 6,054 ആയി. സംവരണം ഒന്നാം വിഭാഗത്തിലെ 2,135 പേര്‍ക്കും നറുക്കെടുപ്പ് കൂടാതെ അവസരം നല്‍കി. രണ്ടാം വിഭാഗത്തിലെ 3,919 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മഹ്‌റം ക്വാട്ടയില്‍ ഇത്തവണ 45 പേര്‍ക്ക് അവസരം കിട്ടി. യാത്ര റദ്ദാക്കിയവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വീതിച്ചു കിട്ടിയ സീറ്റുകളിലുമായി നിലവിലെ വെയ്റ്റിംഗ് ലിസ്റ്റിലെ 550 വരെയുള്ളവര്‍ക്ക് ഇതിനകം അവസരം ലഭിച്ചു. നൂറ് പേര്‍ക്ക് കൂടി അനുമതി കിട്ടിയേക്കും.
സാമൂഹികക്ഷേമ മന്ത്രി എം കെ മുനീര്‍ ആദ്യ യാത്രയുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം എല്‍ എമാരായ സി മമ്മുട്ടി, അഡ്വ. എം ഉമ്മര്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെ മമ്മുണ്ണി ഹാജി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ കെ അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മാനുഹാജി, സി ബി അബ്ദുല്ല ഹാജി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഹജ്ജ് കോ- ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പങ്കെടുത്തു.
രാവിലെ ഹജ്ജ് ഹൗസില്‍ നടന്ന ഹജ്ജ് ക്യാമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഇത്തവണ നേരത്തെ ഹജ്ജ് ഹൗസിലെത്തിച്ചിട്ടുണ്ട്. അഞ്ച് ലിറ്ററാണ് ഒരാള്‍ക്ക് നല്‍കുന്നത്.

Latest