600 സൈനികരെ ഇസില്‍വിരുദ്ധ യുദ്ധത്തിന് അയക്കുമെന്ന് ആസ്‌ത്രേലിയ

Posted on: September 14, 2014 11:48 pm | Last updated: September 14, 2014 at 11:48 pm
SHARE

സിഡ്‌നി: അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് തങ്ങളുടെ 600 സൈനികരെ ഇസില്‍വിരുദ്ധ യുദ്ധത്തിലേക്ക് അയക്കാന്‍ ആസ്‌ത്രേലിയ തീരുമാനിച്ചു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം 600 സൈനികരില്‍ 400 പേര്‍ വ്യോമ സൈനികരും 200 പേര്‍ പ്രത്യേക സൈനിക അംഗങ്ങളുമാണ്. ഇവര്‍ക്ക് പുറമെ എട്ട് സൂപ്പര്‍ ഹോര്‍ണറ്റ് യുദ്ധ ജെറ്റ് വിമാനങ്ങള്‍, ആക്രമണങ്ങളെ സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ സഹായം ചെയ്യുന്ന മറ്റൊരു യുദ്ധ വിമാനം, ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറക്കാന്‍ സഹായിക്കുന്ന മറ്റൊരു വിമാനം എന്നിവ കൂടി വരും ദിവസങ്ങളില്‍ ഇസില്‍വിരുദ്ധ യുദ്ധത്തിന് വേണ്ടി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ഈ യുദ്ധ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കുറച്ചുകാലം ദീര്‍ഘിക്കുമെന്ന് താന്‍ ആസ്‌ത്രേലിയന്‍ ജനതക്ക് മുന്നറിയിപ്പ് നല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇറാഖിലും സിറിയയിലും തുടരുന്ന ഇസില്‍ തീവ്രവാദികളുടെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വലിയ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ ഭാഗഭാക്കാകാനാണ് ഇപ്പോള്‍ ആസ്‌ത്രേലിയയും മുന്നോട്ടു വന്നിരിക്കുന്നത്.