Connect with us

Business

വെളിച്ചെണ്ണ നേട്ടത്തില്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് തകര്‍ച്ച

Published

|

Last Updated

കൊച്ചി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനു നേരിട്ട തകര്‍ച്ച പവന്റെ വിലയിലും പ്രതിഫലിച്ചു. കൊപ്ര ക്ഷാമം വെളിച്ചെണ്ണ നേട്ടമാക്കി. ശ്രീലങ്കന്‍ കുരുമുളക് മലബാര്‍ ചരക്കിനു ഭീഷണിയാകുന്നു. റബ്ബറിന്റെ വില ത്തകര്‍ച്ച മൂലം തോട്ടം മേഖലയില്‍ ടാപ്പിംഗ് സ്തംഭിച്ചു.
ആഭരണ വിപണികളില്‍ സ്വര്‍ണത്തിനു 400 രൂപ ഇടിഞ്ഞു. 20,800 ല്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് ആദ്യം 20,720 ലേക്കും അവിടെ നിന്ന് 20,600 ലേക്കും താഴ്ന്നു. വാരാന്ത്യം പവന് 200 രൂപ കുറഞ്ഞ് 20,400 രൂപയിലാണ്. ഒരു ഗ്രാം സ്വര്‍ണത്തിനു 50 രൂപ കുറഞ്ഞ് 2,550 രൂപയായി. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ നിരക്ക് വീണ്ടും കുറയാനാണ് സാധ്യത.
ആഗോള തലത്തില്‍ സ്വര്‍ണത്തിലെ നിക്ഷേപ താത്പര്യം കുറഞ്ഞു. പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ യു എസ് ഡോളര്‍ മികവ് കാണിച്ചത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിനു 1,270 ഡോളറില്‍ വില്‍പ്പന തുടങ്ങിയ സ്വര്‍ണ വിപണിയില്‍ ഇടപാടുകാര്‍ വില്‍പ്പനക്കാണ് മുന്‍തുക്കം നല്‍കിയത്.
യു എസ് ഡോളര്‍ സൂചിക തുടര്‍ച്ചയായ ഒമ്പതാം വാരത്തിലും നേട്ടത്തില്‍ നീങ്ങിയതാണ് ഫണ്ടുകളെ വില്‍പ്പനക്കാരാക്കിയത്. വാരാന്ത്യം സ്വര്‍ണം എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,228 ഡോളറിലാണ്. അമേരിക്കന്‍ കേന്ദ്ര ബേങ്ക് ബുധനാഴ്ച വായ്പാ അവലോകനം നടത്തും. സാമ്പത്തിക രംഗത്തെ ഉണര്‍വ് മുന്‍ നിര്‍ത്തി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന നിഗമനത്തിലാണ് ഫണ്ടുകള്‍ സ്വര്‍ണം വിറ്റുമാറുന്നത്.
കൊപ്രയാട്ട് മില്ലുകാരുടെ ആവശ്യാനുസരണം ചരക്ക് സംഭരിക്കാന്‍ വ്യവസായികള്‍ ക്ലേശിക്കുന്നു. തമിഴ്‌നാട്ടിലെ മില്ലുകാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തേങ്ങ വാങ്ങിക്കാന്‍ ഉത്സാഹിച്ചത് കൊപ്രക്കും വെളിച്ചെണ്ണക്കും നേട്ടമായി. എന്നാല്‍ ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെ പ്രാദേശിക വിപണികളില്‍ എണ്ണക്ക് ഡിമാന്‍ഡ് കുറവാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 16,100 ലും കോഴിക്കോട് എണ്ണ 17,000 രൂപയിലും തൃശൂരില്‍ 16,000 രൂപയിലുമാണ്. കൊപ്ര വില 11,000 രൂപയിലാണ്.
വിദേശ കുരുമുളക് ഇറക്കുമതി ഉയര്‍ന്നത് ഹൈറേഞ്ച് ചരക്ക് വിലയെ ബാധിച്ചു. ഉത്തരേന്ത്യയില്‍ ശ്രീലങ്ക, വിയറ്റ്‌നാം മുളകും താഴ്ന്ന വിലക്ക് വില്‍പ്പനക്ക് ഇറക്കുന്നുണ്ട്. ഇത് മൂലം അന്തര്‍സംസ്ഥാന വ്യാപാരികള്‍ കേരളത്തില്‍ നിന്ന് ഉത്പന്നം ശേഖരിക്കാന്‍ മടിച്ചു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില 70,800 രൂപയിലാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് വില ടണ്ണിനു 12,250 ഡോളര്‍.
റബ്ബര്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വിലയില്‍. വില തകര്‍ച്ച മുലം ടാപ്പിംഗ് നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. വിദേശ റബ്ബറിന്റെ വരവാണ് ആഭ്യന്തര മാര്‍ക്കറ്റിനെ തളര്‍ത്തിയത്. നാലാം ഗ്രേഡ് റബ്ബര്‍ 12,700 ല്‍ നിന്ന് 12,100 രൂപയായി. അഞ്ചാം ഗ്രേഡ് 11,200 രൂപയിലാണ്.

---- facebook comment plugin here -----

Latest