സ്ഥാപനം നടത്തി പാപ്പരായ ഇന്ത്യക്കാരന് അഭയം ചക്രക്കസേരയും പെരുവഴിയും

Posted on: September 14, 2014 6:40 pm | Last updated: September 14, 2014 at 6:41 pm
SHARE

2336307264ദുബൈ: പരസ്യ കമ്പനി നടത്തി പാപ്പരായ, ശാരീരികമായി വെല്ലുവിളി നേരിടുന്ന ഇന്ത്യക്കാരന് അഭയം ചക്രക്കസേരയും പെരുവഴിയും. മായങ്ക് റാത്തോര്‍ എന്ന 50 കാരനാണ് ബാച്ചിലര്‍ മുറിയില്‍ നിന്നു പുറത്താക്കിയതോടെ ബര്‍ ദുബൈ ക്രീക്കിന് സമീപത്ത് അഭയം തേടിയിരിക്കുന്നത്. കുളിമുറിയില്‍ കൂടുതല്‍ സമയം ചെലവിടുന്നെന്നും ചക്രകസേരയുടെ സഹായത്താല്‍ സഞ്ചരിക്കുന്നതിനാല്‍ മുറിയിലുള്ള മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതുമാണ് മായങ്കിനെ പുറത്താക്കാന്‍ കാരണമായി മുറിയിലുള്ളവര്‍ പറഞ്ഞത്.

ഇതുമൂലം കഴിഞ്ഞ രണ്ടു മാസമായി കടുത്ത ചൂടില്‍ റോഡരുകിലെ വഴിയാത്രികര്‍ക്ക് ഇരിക്കാനുള്ള ബെഞ്ചില്‍ അഭയം തേടിയിരിക്കയാണ് ഇയാള്‍.
സ്ഥാപനം അടച്ചതിനെ തുടര്‍ന്നായിരുന്നു ഏതാനും മാസം മുമ്പ് കുടുംബത്തെ നാട്ടിലേക്ക് അയച്ചതും ബാച്ചിലര്‍ മുറിയിലേക്ക് മാറിയതുമെന്ന് ഗുജറാത്തിലെ ബറോഡ സ്വദേശിയായ മായങ്ക് വെളിപ്പെടുത്തി. അതി കഠിനമായ ചൂട് സഹിക്കാതാവുമ്പോള്‍ ഇദ്ദേഹം സമീപത്തെ കെട്ടിടങ്ങളുടെ തണലിലേക്ക് ചക്രകസേരയില്‍ നീങ്ങും. കഴിഞ്ഞ 25 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന ഈ മനുഷ്യന് ഇടപാടുകാര്‍ പണം നല്‍കാതായതോടെ സ്ഥാപനം നടത്തികൊണ്ടുപോകാന്‍ സാധിക്കാതെ വരികയായിരുന്നു. 4.5 ലക്ഷം ദിര്‍ഹമാണ് കമ്പനി നടത്തിപ്പിലൂടെ നഷ്ടപ്പെട്ടത്. ഇപ്പോള്‍ കൈയില്‍ അവശേഷിക്കുന്നത് പലരും നല്‍കി വഞ്ചിച്ച വണ്ടിചെക്കുകള്‍ മാത്രം.
ക്രീക്കിന് സമീപത്തുള്ളവരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കനിവിലാണ് ഇപ്പോള്‍ ജീവിതം നിലനിര്‍ത്താനുള്ള ഭക്ഷണം ഉല്‍പ്പെടെയുള്ളവ ലഭിക്കുന്നത്.
പരിതാപകരമായ ഈ അവസ്ഥയിലും മകന്റെ പഠനത്തിനായി തുക കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന ആധിയിലാണ് ഇദ്ദേഹം. ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വായ്പ എടുത്തതും ക്രെഡിറ്റ് കാര്‍ഡില്‍ അഭയം തേടാന്‍ ശ്രമിച്ചതുമെല്ലാം സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചിരിക്കയാണ്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഏറെക്കുറെ പരിഹാരമായെങ്കിലും നിലനില്‍ക്കുന്ന മൂന്നു കേസുകളില്‍ 6,000 ദിര്‍ഹം ദുബൈ കോടതിയില്‍ കെട്ടിവെച്ചാലെ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടൂ.
കുടുംബം നാട്ടിലേക്ക് മടങ്ങിയെങ്കിലും മകന്‍ പഠിച്ച വിദ്യാലയത്തിലെ 12,500 ദിര്‍ഹം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും ഈ ദുരിതത്തിനിടയിലും മായങ്കിനെ അലട്ടുന്നു. സ്വന്തം പ്രാരാബ്ദങ്ങള്‍ ബോധ്യപ്പെടുത്തി ഫീസ് എഴുതിതള്ളാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ഈ ഹതഭാഗ്യന്‍ വേദനയോടെ വെളിപ്പെടുത്തി.
വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ മുഴുവന്‍ തുകയും അടച്ചേ മതിയാവുമെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. നാട്ടില്‍ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് ഈ പിതാവിന്റെ നെഞ്ചുരുക്കം ഇരട്ടിപ്പിക്കുന്നു. സുമനസുകളാരെങ്കിലും തന്നെ സഹായിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മായങ്ക് റാത്തോര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. മായങ്കിന് തന്റെ സുഹൃത്തുക്കള്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഹാരിസ് അരിക്കുളം വ്യക്തമാക്കി.
രക്ത സമ്മര്‍ദം കുറവാണെന്നതിനാല്‍ ഇദ്ദേഹത്തിന് അടിയന്തിര ചികിത്സ ആവശ്യമായി വന്നിരിക്കയാണെന്നും ഹാരിസ് പറഞ്ഞു.