തുറന്ന ചര്‍ച്ചക്ക് വേദിയായി സ്റ്റേറ്റ് കോണ്‍ഫറന്‍സ്

Posted on: September 14, 2014 6:29 pm | Last updated: September 14, 2014 at 6:29 pm
SHARE

അബുദാബി: ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും ദുബൈ കോണ്‍സുലേറ്റും സംയുക്തമായി അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്റ്റേറ്റ് കോണ്‍ഫറന്‍സ് പ്രവാസി വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് വേദിയായി. ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമിന്റെ സ്വാഗതപ്രഭാഷണത്തോടെ ആരംഭിച്ച സംഗമം ഗോവ ഉപ മുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സെഷനില്‍ പ്രവാസി കാര്യ സെക്രട്ടറി ജനറല്‍ ആര്‍ ബുഹ്‌രില്‍, കോണ്‍സുലര്‍ ആനന്ദ് ബര്‍ധന്‍ സംബന്ധിച്ചു. ഒന്നാം സെഷനില്‍ യു എ ഇ എക്‌സ്‌ചേഞ്ച് സി ഒ ഒ സുധീര്‍കുമാര്‍ ഷെട്ടി, രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി രജത് മിശ്ര, കേരള നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
രണ്ടാം സെഷനില്‍ ദുബൈ കോണ്‍സുലര്‍ അനുരാഗ് ഭൂഷണ്‍ ചര്‍ച്ച നിയന്ത്രിച്ചു. ഐ എസ് സി പ്രസിഡന്റ് നടരാജന്‍, ദുബൈ ഐ സി ഡബ്ല്യു സി പ്രതിനിധി കെ കുമാര്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ വൈ അഹ്മദ് ഖാന്‍, കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രവാസികളുടെ പുനരധിവാസം മൂന്നാം സെഷനില്‍ ചര്‍ച്ച ചെയ്തു. പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ബുഹ്‌രില്‍ ചര്‍ച്ച നിയന്ത്രിച്ചു. തമിഴ്‌നാട് പ്രവാസികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ആനന്ദ്, ഗോവ സെക്രട്ടറി യു ഡി കാമത്ത്, തെലുങ്കാന പ്രവാസി കാര്യ ഡയറക്ടര്‍ അരവിന്ദര്‍ സിംഗ് എന്നിവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
യു എ ഇയിലെ തൊഴിലാളികള്‍ എന്ന മൂന്നാം സെഷനില്‍ അല്‍ ഫറാ ഗ്രൂപ്പ് ചെയര്‍മാന്‍ ശംഗാരാ മണി ചര്‍ച്ച നിയന്ത്രിച്ചു. യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എം ഡി ശബീര്‍ നെല്ലിക്കോട്, ലുലു ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍, ലാമ ടൂറിസം എം ഡി കുല്‍വത് സിംഗ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യു എ ഇയിലെ നൂറോളം സംഘടനകളിലെ ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗം പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് തുറന്ന ചര്‍ച്ച നടന്നു.
കേരളം രാജസ്ഥാന്‍, തമിഴ്‌നാട്, ഗോവ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും അസോസിയേഷന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ എന്നിവയുടെ സാമ്പത്തിക സഹായം യാത്രാ ദുരിതം, സര്‍ക്കാര്‍ ജോലിയില്‍ പ്രവാസികള്‍ക്ക് പ്രത്യേകം സംവരണം, പ്രവാസി കാര്യ വകുപ്പ്- നോര്‍ക്ക എന്നിവക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകം ഓഫീസ്, യു എ ഇയില്‍ പി എസ് സി ഓഫീസ് എന്നീ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ മുഖ്യമായും ഉയര്‍ന്നുവന്നത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി നടക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച സംഘടന പ്രതിനിധികള്‍ക്ക് നവ്യാനുഭവമായി.