Connect with us

Gulf

ജുമൈറ കോര്‍ണിഷ് വികസനം 77 ശതമാനം പൂര്‍ത്തിയായെന്ന് ആര്‍ ടി എ

Published

|

Last Updated

ദുബൈ: ജുമൈറ കോര്‍ണിഷ് വികസനത്തിന്റെ രണ്ടാം ഘട്ടം 77 ശതമാനം പൂര്‍ത്തിയായതായി ആര്‍ ടി എ വ്യക്തമാക്കി. അടുത്തമാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഇവിടെ ബീച്ചിന്റെ നീളം നാലര കിലോമീറ്ററാക്കി വികസിപ്പിക്കും.
ഇവിടെ പണി പൂര്‍ത്തിയാവുന്ന ഭാഗങ്ങള്‍ സെപ്തംബര്‍ മൂന്നാം വാരത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ആര്‍ ടി എ സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് വ്യക്തമാക്കി.
കോര്‍ണിഷ് തുറക്കുന്നതോടെ ജോഗിംഗിനും നടക്കാനുമെല്ലാം എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കും. നിലവില്‍ ഇവിടെ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നടപ്പാതയുള്ളത്. ഇതാണ് നാലര കിലോമീറ്ററാക്കി ദീര്‍ഘിപ്പിക്കുന്നത്. അടുത്തകാലത്തായി ജനങ്ങള്‍ക്കിടയില്‍ വ്യായാമത്തിനെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതും അമിത വണ്ണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണം ഊര്‍ജിതമാക്കിയതുമെല്ലാം ജുമൈറ കോര്‍ണിഷിലേക്ക് ആളുകളുടെ വ്യായാമത്തിനായുള്ള വരവ് വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വ്യായാമത്തിനും വിനോദത്തിനും വിശ്രമത്തിനുമെല്ലാം കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ആര്‍ ടി എ മുന്‍കൈ എടുക്കുന്നത്. ജുമൈറ കോര്‍ണിഷ് വികസന പദ്ധതി പൂര്‍ണതോതില്‍ സാക്ഷാത്കരിക്കപ്പെടുന്നതോടെ ജോഗിംഗിനായി ബീച്ചില്‍ എത്തുന്നവര്‍ ഏഴു കിലോമീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലും ജോഗിംഗ് ട്രാക്ക് സജ്ജമാവും. നടക്കാന്‍ ആയി വരുന്നവര്‍ക്ക് ഏഴുമീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയിലുമാവും നടപ്പാത ഒരുക്കുക. ഇതോടൊപ്പം വിശ്രമത്തിനായുള്ള പ്രത്യേക മേഖലകളും മാടക്കടകളും സജ്ജീകരിക്കും. വിശ്രമത്തിനായുള്ള സ്ഥലങ്ങള്‍ വെയിലേല്‍ക്കാത്ത രീതിയിലാവും തയ്യാറാക്കുക.
ജുമൈറ ബീച്ചിനെ അടിമുടി മാറ്റിയെടുക്കാനാണ് വികസന പ്രവര്‍ത്തനത്തിലൂടെ ആര്‍ ടി എ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ലാന്റ് സ്‌കൈയിപ്പിംഗും നിലം ടൈല്‍ പാകി ശരിപ്പെടുത്തലുമെല്ലാം നടപ്പാക്കുന്നുണ്ട്. മണല്‍ നിറഞ്ഞ കടല്‍ക്കരയെ വിവിധ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഒരു കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കാനാണ് വികസന പദ്ധതി ലക്ഷ്യമിടുന്നത്.

 

Latest