വാഹനാപകടങ്ങളില്‍ കുട്ടികളുടെ മരണ നിരക്ക് 40 ശതമാനം കുറഞ്ഞു

Posted on: September 14, 2014 6:23 pm | Last updated: September 14, 2014 at 6:23 pm
SHARE

child deathദുബൈ: വാഹനാപകടങ്ങളില്‍ കുട്ടികളുടെ മരണ നിരക്ക് 40 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി ആര്‍ ടി എ അറിയിച്ചു. ഒരു വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മരണനിരക്കിലാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കുറവുണ്ടായിരിക്കുന്നതെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് വെളിപ്പെടുത്തി.
ഡി എച്ച് എയുമായി സഹകരിച്ച ആര്‍ ടി എ നടപ്പാക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിപാടിയുമായി ബന്ധപ്പെട്ട് കണക്കുകള്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍.
അടുത്തിടെ കുഞ്ഞിന് ജന്മം നല്‍കിയ അമ്മമാരെ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. കുട്ടികള്‍ക്കായി പ്രത്യേക ബേബി സീറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ബോധവത്കരണം പ്രാധാന്യം നല്‍കുക. വാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ പരമാവധി ഉറപ്പാക്കാന്‍ ഇത്തരം നടപടി സഹായകമാവും.
വാഹനം ഓടിക്കുമ്പോള്‍ ഒപ്പമുള്ള കുട്ടികളെക്കുറിച്ചും മാതാപിതാക്കള്‍ ബോധവാന്‍മാരായിരിക്കണം. കുട്ടികളെക്കുറിച്ചുള്ള ബോധത്തിന്റെ അഭാവമാണ് അമിത വേഗത്തിലേക്കും അപകടത്തിലേക്കും എത്തിക്കുന്നത്. കാര്‍പാര്‍ക്ക് ചെയ്ത് മാളുകളിലും മറ്റും പോകുമ്പോള്‍ കൈകുഞ്ഞുങ്ങളെയും ഒപ്പം കൂട്ടണം.
പൊതു-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയാണ് ആര്‍ ടി എ, ഡി എച്ച് എയുടെ സഹകരണത്തോടെ ബോധവത്കരണം നടത്തുകയെന്നും അവര്‍ പറഞ്ഞു.