Connect with us

Malappuram

യു ഡി എഫില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റിയ ശേഷം ഗൗരിയമ്മ മറുകണ്ടം ചാടി: ബാലകൃഷ്ണ പിള്ള

Published

|

Last Updated

വേങ്ങര: യു ഡി എഫ് സര്‍ക്കാറില്‍ നിന്നും ഘടകകക്ഷി എന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം കെ ആര്‍ ഗൗരിയമ്മ മറുകണ്ടം ചാടിയെന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന പ്രസിഡന്റ് ആര്‍ ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി) ജെ എസ് എസ് മലപ്പുറം ജില്ലാ കമ്മിറ്റി ലയന സമ്മേളനം വേങ്ങരയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട സമുന്നത രാഷ്ട്രീയ നേതാവ് തന്നെയാണ് കെ ആര്‍ ഗൗരിയമ്മ. പാര്‍ട്ടിക്ക് കാര്യമായ അണികളില്ലാതിരുന്നിട്ടും യു ഡി എഫിന്റെ ഘടക കക്ഷി എന്ന നിലയില്‍ വിവിധ ബോര്‍ഡുകളിലും സ്ഥാനമാനങ്ങള്‍ നല്‍കി യു ഡി എഫ് പരിഗണിച്ചിട്ടുണ്ട്. എന്നിട്ടും ഇടതുപക്ഷ പാളയത്തിലേക്കുള്ള ചാട്ടം രാഷ്ട്രീയ നേതാക്കളുടെ യുക്തിയില്‍ ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിയുകയാണ്. മലപ്പുറത്തെ മുസ്‌ലിം കേന്ദ്രത്തില്‍ തലയില്‍ മുണ്ടുപോലുമിടാന്‍ തയ്യാറാവാത്ത സ്ത്രീയെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയത് പോലും ജനഹിതം മാനിക്കുന്നില്ലെന്ന് സി പി എം നിലപാടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ മുള്ളുങ്ങല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നജീബ് പാലകണ്ടി, പോള്‍ ജോസഫ്, ജി വേണുഗോപാല്‍, കെ പി പീറ്റര്‍, ബീരാന്‍കുട്ടി മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest