Connect with us

Kozhikode

മോണോ റെയില്‍ പദ്ധതി: എല്‍ ഡി എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ ഡി എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പദ്ധതി ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും തയാറാകണമെന്ന് കോഴിക്കോട് മോണോറെയില്‍ പദ്ധതി പ്രദേശത്തെ എം എല്‍ എമാരായ എളമരം കരീമും എ പ്രദീപ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രായോഗികമല്ലെന്ന് ഇപ്പോള്‍ പറയുന്ന പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കണ്‍സള്‍ട്ടന്‍സി ഇനത്തിലും മറ്റും വന്‍തുക ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുമായി ഇതു സംബന്ധിച്ച ആശയവിനിമയം പോലും നടത്തിയില്ല. പൊതുജനത്തെ മോഹിപ്പിച്ച ശേഷം പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു.
മോണോറെയിലിന് വേണ്ടി ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോഴിക്കോട്ടും തിരുവനന്തപുരത്തും പദ്ധതി നടപ്പാക്കാന്‍ 5500 കോടി രൂപയാണ് കണക്കാക്കിയത്. 20 ശതമാനം തുക വീതം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളും 60 ശതമാനം വായ്പയായെടുത്തും പണം കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിനുവേണ്ട പ്രായോഗിക നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. സംസ്ഥാന വിഹിതം വകയിരുത്തിയില്ല. കേന്ദ്രവിഹിതം ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. ടെന്‍ഡറില്‍ പങ്കെടുത്ത ബൊംബാര്‍ഡിയ എന്ന ഏക കമ്പനി എസ്റ്റിമേറ്റിന്റെ ഇരട്ടിയിലേറെ തുകയാണ് പദ്ധതി നടത്തിപ്പിന് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ പദ്ധതി ഉപേക്ഷിച്ചുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം.
പദ്ധതി ലൈറ്റ് മെട്രോയായി അപ്‌ഗ്രേഡ് ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. വന്‍പ്രചാരണം നല്‍കിയ പദ്ധതി ഉപേക്ഷിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണിത്. ലൈറ്റ് മെട്രോ ഇന്ത്യയില്‍ പ്രായോഗികമാണോയെന്നുപോലും ഉറപ്പില്ലെന്നും ഇരുവരും പറഞ്ഞു.
കോഴിക്കോടിനെയും പരിസര പ്രദേശങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. വിമാനത്താവള വികസനം, ജപ്പാന്‍ കുടിവെള്ള പദ്ധതി, ബേപ്പൂര്‍ തുറമുഖ വികസനം, നിര്‍ദേശ്, സൈബര്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികളെയെല്ലാം ദോഷകരമായി ബാധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം എല്‍ എമാര്‍ ആരോപിച്ചു.