Connect with us

Kozhikode

ഹോട്ടലുകളുടെ നിലവാരത്തകര്‍ച്ച കാണുന്നില്ല: പി ടി തോമസ്

Published

|

Last Updated

കോഴിക്കോട്: ബാറുകളുടെ നിലവാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ സംസ്ഥാനത്തെ ഹോട്ടലുകളുടെ നിലവാരത്തകര്‍ച്ച കാണാതെ പോകുകയാണെന്ന് മുന്‍ എം പിയും “സംസ്‌കൃതി” ചെയര്‍മാനുമായ പി ടി തോമസ്. പെട്ടിക്കട മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയുടെ വൃത്തി പരിശോധിച്ചാല്‍ പകുതിയിലേറെയും പൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. “സംസ്‌കൃതി”യുടെ ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ടി തോമസ്.
ഗാന്ധിജിയെ അരുന്ധതി റോയ് ദളിത് വിരുദ്ധനായി മുദ്രകുത്തിയത് അസത്യവും അര്‍ധസത്യവും പ്രചരിപ്പിക്കുന്നവരുടെ അജന്‍ഡയുടെ ഭാഗമാണ്. തന്റെ ജീവിതം പോലും സത്യാന്വേഷണ പരീക്ഷണമാക്കിയ ഗാന്ധിജിയുടെ ജീവിതത്തിലെ ഏതോ ഒരു സംഭവം മാത്രമെടുത്ത് അരുന്ധതി നടത്തിയ നിരീക്ഷണം അപലപനീയമാണെന്നും പി ടി തോമസ് പറഞ്ഞു.
സംസ്ഥാനത്തെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പാര്‍ട്ടി സ്ഥാപനങ്ങളാക്കി സി പി എം മാറ്റിയതായി അദ്ദേഹം ആരോപിച്ചു. അവയെല്ലാം പാര്‍ട്ടി ശാഖകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അമ്പത് കോടിയോളം വരുന്ന ഗ്രന്ഥശാല ബജറ്റില്‍ സിംഹഭാഗവും സി പി എമ്മിന്റെ പ്രാദേശിക താത്പര്യത്തിന് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ടി കെ രാജേന്ദ്രന്‍, സി കെ മനോജ്കുമാര്‍ എന്നിവരെ പി ടി തോമസ് ആദരിച്ചു. ജില്ലാ ചെയര്‍മാന്‍ കെ പി ജീവാനന്ദന്‍ അധ്യക്ഷനായിരുന്നു.

Latest