Connect with us

Kozhikode

നിരവധി മോഷണ കേസുകളിലെ പ്രതികള്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയില്‍

Published

|

Last Updated

തേഞ്ഞിപ്പലം: നിരവധി മോഷണക്കേസിലുള്‍പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പുത്തൂര്‍-പള്ളിക്കലിലെ വീട്ടില്‍ നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ചകേസിലാണ് പിടിയിലായത്.
കടലുണ്ടി റെയില്‍വെ സ്‌റ്റേഷന് സമീപം ചെല്ലപ്പന്‍ മകന്‍ മുരുകന്‍ (28), കടലുണ്ടി മണ്ണൂര്‍ വളവ് അറമുഖന്‍ മകന്‍ കണ്ണന്‍ (18), ദേവതിയാല്‍ കോളനി ഗണേശന്‍ മകന്‍ ആനന്ദന്‍ എന്നീ തമിഴ് യുവാക്കളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30ന് പുത്തൂര്‍ പള്ളിക്കലിലെ ഒരു വീട്ടില്‍ പാത്രം കഴുകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുത്ത് ഓടുകയായിരുന്നു. വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കാവല്‍ നിന്ന 17 കാരനായ മറ്റൊരു യുവാവ് കിണറ്റില്‍ വീണു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ട മോഷ്ടാക്കളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കടലുണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ മാലയുടെ ലോക്കറ്റ് മോഷ്ടാക്കളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടാക്കളില്‍ ആനന്ദനും കിണറ്റില്‍ ചാടിയ 17 കാരന്റെയും പേരില്‍ ജില്ലയിലും പുറത്തും നിരവധി കേസുകളുണ്ട്. അടുത്ത കാലത്ത് നടന്ന വള്ളിക്കുന്ന് എ ടി എം കവര്‍ച്ചയില്‍ ഇവര്‍ പ്രതികളാണ്.
പരപ്പനങ്ങാടി, തിരൂര്‍, തേഞ്ഞിപ്പലം എന്നീ സേ്റ്റഷനുകളിലും നിരവധി കേസുകളില്‍പ്പെട്ടവരാണ്. കക്കാട്, കരിമ്പില്‍, പൂക്കിപറമ്പ്, എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ മോഷണത്തിലും കുന്നംകുളത്തെ പമ്പില്‍ നിന്നു പണം മോഷ്ടിച്ച കേസിലും മൂന്നു യുവാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഇവര്‍ കടലുണ്ടി റെയില്‍വേ സ്‌റ്റേഷനിലെ പുറമ്പോക്കിലാണ് താമസം. പകല്‍ സമയങ്ങളില്‍ വീട് നോക്കിവെച്ച് രാത്രി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. തേഞ്ഞിപ്പലം എസ് ഐ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest