ആരോഗ്യ കേരളത്തിന്റെ സാക്ഷാത്കാരത്തിന്

Posted on: September 14, 2014 6:00 am | Last updated: September 13, 2014 at 11:57 pm
SHARE

മലയാളികളും കേരനാടും സാക്ഷരതയില്‍ മാത്രമല്ല, ശുചിത്വത്തിലും രാജ്യത്ത് പെരുമ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാളും ജനസാന്ദ്രതയില്‍ മുന്നാക്കം നില്‍ക്കുന്ന കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും ശുചിത്വത്തിലും വൃത്തിയിലും വെടിപ്പിലും ഇതര ജനവിഭാഗങ്ങളെക്കാള്‍ മുന്നില്‍ തന്നെയായിരുന്നു. കേരളത്തിലെ ഈ സവിശേഷ ചുറ്റുപാടിനെ പലരും പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന് ഹരിത ചാരുതയും ദൃശ്യനീലിമയും നിറഞ്ഞുനിന്ന കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും ചീഞ്ഞുനാറുന്നുവെന്ന് മാത്രമല്ല, വൃത്തിഹീനമായി രോഗാണുവാഹകരുമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് അവശ്യം വേണ്ട സൗകര്യങ്ങളുടെ അപര്യാപ്തതയാണ് സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്‌നം. ജനവാസം വ്യാപിക്കുമ്പോള്‍ മാലിന്യക്കൂമ്പാരങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇവയുടെ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുകയോ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയോ ചെയ്യാനാകുന്നില്ലെന്ന് മാത്രമല്ല, ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കും നാം സമയം കണ്ടെത്തുന്നില്ലെന്നതാണ് ഏറെ ഖേദകരം. ഇത് മൂലം സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും നാം വാങ്ങിക്കൂട്ടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ പ്ലാസ്റ്റിക് നിരോധവും നിര്‍മാര്‍ജനവും പ്രഖ്യാപിച്ചെങ്കിലും ഇത് കടലാസില്‍ മാത്രമൊതുങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ പ്ലാസ്റ്റിക് ഉപയോഗം അഭംഗുരം തുടര്‍ന്നപ്പോള്‍ സാധാരണക്കാര്‍ നിത്യോപയോഗത്തിന് പ്ലാസ്റ്റിക് സഞ്ചികള്‍ സംഭരിക്കേണ്ടി വന്നു.
സംസ്ഥാനത്ത് മഞ്ഞപ്പിത്തവും അനുബന്ധ മരണങ്ങളും ക്രമാതീതമായി ഉയരുന്ന സാഹചര്യം ആരോഗ്യ വകുപ്പിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 2001 എ ടൈപ്പ് മഞ്ഞപ്പിത്തമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ നാല് മരണവും സംഭവിച്ചു. ബി ടൈപ്പ് 896 എണ്ണം റിപ്പോര്‍ട്ട് ചെയ്തതില്‍ ഒമ്പത് മരണമാണ് സ്ഥിരീകരിച്ചത്. 52 സി ടൈപ്പ് റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്ന് മരണവും. കഴിഞ്ഞ വര്‍ഷം 172 ബി ടൈപ്പ് മഞ്ഞപ്പിത്തവും 17 സി ടൈപ്പ് മഞ്ഞപ്പിത്തവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ടെങ്കിലും ഇതിന്റെ തുടര്‍നടപടികള്‍ കൈക്കൊള്ളാനോ അനുബന്ധ പരിശോധനകള്‍ കര്‍ക്കശമാക്കാനോ ശ്രമം നടക്കുന്നില്ലെന്ന് മാത്രമല്ല, നടപടികള്‍ ഉദാരമാകുന്നതും ഇതേ സാഹചര്യം തുടരാന്‍ സ്ഥാപനങ്ങളെയും വ്യക്തികളേയും പ്രേരിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പടരുന്നതിന് പ്രധാന കാരണം വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ തന്നെയാണെന്ന് സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കേരളത്തിലാകട്ടെ നാല്‍പ്പത് ശതമാനത്തിലേറെ പേര്‍ക്കെങ്കിലും പ്രതിദിനം ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്നുമുണ്ട്,
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളില്‍ മിക്കതും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ലാതെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഇത്തരത്തിലുള്ള 120 സ്ഥാപനങ്ങള്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അടച്ചു. 1,121 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 2000 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 24 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
വ്യവസായങ്ങള്‍ക്കു മാത്രമല്ല ഹോട്ടലുകള്‍ക്കും റസറ്റോറന്റുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി സംരക്ഷണ കാര്യത്തിലും മാലിന്യ സംസ്‌കരണ വിഷയത്തിലും ഉറപ്പ് നല്‍കിയ ശേഷമേ ലൈസന്‍സ് നല്‍കാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവ പരിശോധിക്കാനോ തുടര്‍നടപടി കൈക്കൊള്ളാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.
ജൈവവൈവിധ്യസമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഈ സമ്പത്ത് കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജലസമ്പത്തും പ്രകൃതി വിഭവങ്ങളും ധാരാളമുള്ള ഈ രാജ്യത്ത് ഇവയുടെ ചൂഷണവും ദുരുപയോഗവും ഏറെ നടക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ അവഗണിച്ചാണതു നടക്കുന്നത്. ഇതിനാല്‍ തന്നെ പരിസ്ഥിതി സംരക്ഷണം കൂടി ഓരോരുത്തരും ഉറപ്പാക്കേണ്ടതുമുണ്ട്.
സ്വന്തം വീടും പരിസരവും വൃത്തിഹീനമാകാതിരിക്കാനും പരിസ്ഥിതിക്കനുകൂലമാക്കാനുമുള്ള പൗരബോധം ഓരോരുത്തര്‍ക്കുമുണ്ടായാല്‍ ആരോഗ്യ കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. ഇതിനാല്‍ സ്വന്തം വീടുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്താനും പ്രാവര്‍ത്തികമാക്കാനും നമുക്ക് കഴിയണം. ഗ്രാമങ്ങളിലും നഗരങ്ങളിലും കാണുന്ന പൊതുമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളും തുക വകയിരുത്തേണ്ടതുണ്ട്. എങ്കില്‍ രോഗവാഹകരില്‍ നിന്ന് രോഗവിമുക്തരിലേക്കുള്ള വഴിദൂരമേറെയില്ല.