Connect with us

Kerala

ഹോട്ടലുകളും ലാബുകളും ഹെപ്പറ്റൈറ്റിസ് പടര്‍ത്തുന്നു

Published

|

Last Updated

Hepatitis-A-B-C-D (1)തിരുവനന്തപുരം: വൃത്തിഹീനമായ ഹോട്ടലുകളും മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലാബുകളും വഴി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് വ്യാപകമായി പടരുന്നുവെന്ന് കണ്ടെത്തല്‍. “സേഫ് കേരള” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നുവരുന്നുണ്ടെങ്കിലും അവയെല്ലാം വൃഥാവിലാകുകയാണ്. കര്‍ശനമായ നടപടികള്‍ ഇല്ലാത്തത് ഇവ പെരുകാന്‍ കാരണമായി.

പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യത്തിലാണ് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ് പ്രധാനമായും പടരുന്നത്.
ലാബുകളില്‍ ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കുന്നതിനും മാലിന്യം സംസ്‌കരിക്കുന്നതിനും മതിയായ സംവിധാനങ്ങളില്ല. സിറിഞ്ചുകള്‍ സൂക്ഷ്മമായി ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞ റീ ഏജന്റുകളുടെ ഉപയോഗവും രോഗഹേതുവാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ലബോറട്ടറികള്‍ക്ക് പുറമെ, ദന്താശുപത്രികള്‍, ദന്തല്‍ ക്ലിനിക്കുകള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയത്.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 120 സ്ഥാപനങ്ങള്‍ ഗുരുതര വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചു. 1,121 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 2,000 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 24 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, സോഡാകമ്പനികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരാനുള്ള സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള 159 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 2,984 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകി. അടച്ചുപൂട്ടിയവയില്‍ 108 എണ്ണം ഹോട്ടലുകളാണ്. 17കൂള്‍ബാറുകളും 10 ബേക്കറികളും നാല് കാറ്ററിംഗ് സെന്ററുകളും നാല് സോഡാ ഫാക്ടറികളും ഒരു ഐസ് ഫാക്ടറിയും ഇവയില്‍ ഉള്‍പ്പെടും.
സംസ്ഥാനത്ത് മഞ്ഞപ്പിത്തവും അനുബന്ധ മരണങ്ങളും ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഈ വര്‍ഷം 2001എ ടൈപ്പ് മഞ്ഞപ്പിത്തമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ നാല് മരണം സംഭവിച്ചു. ബി ടൈപ്പ് 896 എണ്ണം റിപ്പോര്‍ട്ട് ചെയ്തതില്‍ ഒമ്പത് മരണമുണ്ടായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 52 സി ടൈപ്പില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇ ടൈപ്പ് 22 ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 172 ബി ടൈപ്പ് മഞ്ഞപ്പിത്തവും 17 സി ടൈപ്പ് മഞ്ഞപ്പിത്തവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ മഞ്ഞപ്പിത്തം പടര്‍ന്ന സാഹചര്യത്തില്‍ ലാബുകളില്‍ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 34 ലാബുകള്‍ പൂട്ടി. പ്രതിമാസം ജില്ലയില്‍ ശരാശരി 40 മഞ്ഞപ്പിത്ത കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ആരോഗ്യവകുപ്പ് അന്ന് രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും ലൈസന്‍സില്ലാത്ത ലാബുകളും യോഗ്യതയില്ലാത്ത ജീവനക്കാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെറുകിട സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം കാട്ടാക്കടക്ക് സമീപം സ്വകാര്യ ആശുപത്രിക്ക് പിന്നില്‍ ഉപയോഗിച്ച സിറിഞ്ചും സൂചിയും 14 ചാക്കുകളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. ഇത് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അവിടെയത്തെിച്ച് വീണ്ടും പുതിയ പാക്കുകളില്‍ കേരളത്തിലേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
മുന്‍വര്‍ഷങ്ങളിലെ പരിശോധനയില്‍ 50 ലാബുകള്‍ കാലാവധി കഴിഞ്ഞ റീ ഏജന്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഇടയാക്കുന്ന ലാബുകളും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനം ക്രമാതീതമായി കൂട്ടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest