റോഡ് സുരക്ഷക്ക് പുതിയ ബില്‍: തടവും പിഴയും കൂടും

Posted on: September 14, 2014 5:39 am | Last updated: September 13, 2014 at 11:41 pm
SHARE

road saftyന്യൂഡല്‍ഹി: റോഡ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി റോഡ് സുരക്ഷാ ബില്‍ വരുന്നു. കേന്ദ്രം ഉടന്‍ കൊണ്ടുവരാന്‍ പോകുന്ന റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍- 2014ല്‍ റോഡപകടത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയടക്കാനും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷക്കും വ്യവസ്ഥയുണ്ടാകും. ഇത് കൂടാതെ ചെറുതും വലുതുമായ ഏത് നിയമലംഘനത്തിനും ഇപ്പോഴുള്ളതിനേക്കാള്‍ പലമടങ്ങ് അധികം പിഴയും തടവും ബില്‍ വ്യവസ്ഥ ചെയ്യും.

ഇന്ത്യയിലെ റോഡുകള്‍ക്ക് അനുയോജ്യമായല്ല വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തതെന്ന് തെളിയുകയും ഇത് അപകടത്തിന് കാരണമായെന്ന് വ്യക്തമാകുകയും ചെയ്താല്‍ വാഹന നിര്‍മാതാക്കള്‍ക്കെതിരെ വാഹനമൊന്നിന് അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്തും. അശ്രദ്ധമായോ സാഹസികമായോ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. സുരക്ഷിതമല്ലാത്ത നിലയില്‍ റോഡിലിറക്കുന്ന വാഹനങ്ങളുടെ ഉടമയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാനോ ആറ് മാസം വരെ തടവിനോ രണ്ടും കൂടിയോ ബില്‍ വ്യവസ്ഥ ചെയ്യും. ഇത്തരം കേസില്‍ തടവ് ഒരു വര്‍ഷത്തേക്ക് നീണ്ടേക്കാമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പുറത്തിറക്കിയ ബില്ലിന്റെ കരടില്‍ പറയുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ, പിടിക്കപ്പെടുന്നത് ആദ്യ തവണയാണെങ്കില്‍, 25,000 രൂപ പിഴ ചുമത്തുകയോ മൂന്ന് മാസത്തില്‍ കൂടാത്ത തടവിന് ശിക്ഷിക്കുകയോ ചെയ്യും. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ഈ രണ്ട് ശിക്ഷകള്‍ ഒരുമിച്ചുമാകാം. ആറ് മാസത്തേക്ക് ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യും. മൂന്ന് വര്‍ഷത്തിനിടയില്‍ ഈ കുറ്റം ആവര്‍ത്തിച്ചാല്‍ അമ്പതിനായിരം രൂപയായിരിക്കും പിഴ. തടവ് ഒരു വര്‍ഷമാകും. ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ അമ്പതിനായിരം രൂപയായിരിക്കും പിഴ. മൂന്ന് വര്‍ഷമായിരിക്കും തടവ്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ അവരുടെ ലൈസന്‍സ് തത്ക്ഷണം റദ്ദാക്കും. കുട്ടികളുടെ മരണത്തിന് കാരണമായ അപകടങ്ങളില്‍ പിഴ മൂന്ന് ലക്ഷം വരെയാകാം. ഏഴ് വര്‍ഷത്തില്‍ കുറയാത്ത തടവും ലഭിക്കും. മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തവണ ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ചാല്‍ 15,000 രൂപ പിഴ ചുമത്താനും നിര്‍ദിഷ്ട ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കും. നിര്‍ബന്ധിത റിഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുപ്പിക്കുകയും ചെയ്യും.
ബന്ധപ്പെട്ടവരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here