Connect with us

International

ഇസില്‍വിരുദ്ധ സഖ്യം: കെറി ഈജിപ്തില്‍

Published

|

Last Updated

കൈറോ: ഇറാഖിലും സിറിയയിലും ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസില്‍ സായുധ സംഘത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈജിപ്തിലെത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി, അറബ് ലീഗ് നേതാവ് നബീല്‍ അല്‍ അറബി എന്നിവരുമായി കെറി കൂടിക്കാഴ്ച നടത്തും. സായുധ സംഘത്തിനെതിരെ പോരാടാന്‍ അന്താരാഷ്ട്രതലത്തില്‍ ഒരു സഖ്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിലും സിറിയയിലുമുള്ള ഇസില്‍ തീവ്രവാദികളെ നേരിടുന്നതുമായി ബന്ധപ്പെട്ട പദ്ധതി കഴിഞ്ഞ ദിവസം ബരാക് ഒബാമ പുറത്തുവിട്ടിരുന്നു. യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുമെന്നും അതേസമയം പ്രദേശത്തെ മറ്റു രാജ്യങ്ങള്‍ക്കും കാര്യമായ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സഊദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങള്‍ ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് അമേരിക്കക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അറബ് രാഷ്ട്രങ്ങളും യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ചേര്‍ന്ന് വലിയൊരു സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് ജോണ്‍ കെറി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഈ സഖ്യത്തില്‍ ഇറാന്റെ പങ്ക് ഇപ്പോഴും അവ്യക്തമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ ആത്മാര്‍ഥതയില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഇറാന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം ഇറാഖ് സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ച് ഇസിലിനെതിരെ പോരാടാന്‍ ഇറാന്‍ തങ്ങളുടെ സൈന്യത്തെ അയച്ചുകൊടുത്തിട്ടുമുണ്ട്.
അല്‍ഖാഇദക്കെതിരെ എങ്ങനെയാണോ യുദ്ധം നടത്തിയത് അതുപോലെ ഇസിലിനെതിരെയും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് അമേരിക്കയെന്നും പെന്റഗണ്‍ അവകാശപ്പെട്ടു.

Latest