വസ്ത്ര വ്യാപാരിയുടെ മകനെ തട്ടിക്കൊണ്ടുപോയി കാട്ടിലുപേക്ഷിച്ചു

Posted on: September 14, 2014 6:00 am | Last updated: September 13, 2014 at 9:56 pm
SHARE

ഉപ്പള: രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട വ്യാപാരിയുട മകനെ റാഞ്ചിക്കൊണ്ട് പോയ മൂന്നംഗ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉപ്പളയിലെ വസ്ത്രവ്യാപാരി അബ്ദുറഹ്മാന്റെ മകന്‍ റിസ്‌വാനെ(21) യാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് റിസ്‌വാന്‍ ഹിദായത്ത് നഗറിലെ വീട്ടില്‍നിന്നും മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ മൂന്നംഗ സംഘം ബൈക്കിന് കുറുകെയിട്ട് ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.
ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ ക്രൂരമായി മര്‍ദിച്ചശേഷം പിതാവ് അബ്ദുറഹ്മാനെ ഫോണില്‍ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. അബ്ദുറഹ്മാന്‍ വിവരം ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസില്‍ അറിയിച്ചു. പോലീസ് റിസ്‌വാനെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ ക്വട്ടേഷന്‍ സംഘം പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ റിസ്‌വാനെ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ റിസ്‌വാനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വട്ടേഷന്‍ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. ഉപ്പളയിലെ തൗഫീഖ്, ഇസ്മാഈല്‍, റഹീം എന്നിവരാണ് റിസ്‌വാനെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.