Connect with us

Sports

ഡീഗോ കോസ്റ്റ ഗോള്‍ മഴയായി, നെയ്മര്‍ കരുത്തില്‍ ബാഴ്‌സ

Published

|

Last Updated

സറ്റാന്‍ഫോര്‍ഡ് ബ്രിഡ്ജ്: പേരിനും പെരുമക്കും ഒത്ത കളി അതാണ് ചെല്‍സി, സ്വാന്‍സി സിറ്റിക്കെതിരെ പുറത്തെടുത്തത്. അതും ഡീഗോ കോസ്റ്റയെന്ന പടക്കുതിരയുടെ ഹാട്രിക്ക് മികവില്‍. ഈ സീസണില്‍ കോസ്റ്റ നാല് മത്സരങ്ങളില്‍ നിന്ന് 7 ഗോളുകള്‍ നേടിക്കഴിഞ്ഞു
ഈ ലീഗ് സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടി പ്രൗഡിയോടെ നില്‍ക്കുന്ന ചെല്‍സിയുടെ മുന്നിലേക്കാണ് സ്വാന്‍സി സിറ്റി കളിക്കാന്‍ വന്നത്. മത്സരം തുടങ്ങി 11ാം മിനുറ്റില്‍ ജോണ്‍ ടെറിയുടെ കാലില്‍ തട്ടി സ്വന്തം വലയില്‍ പന്ത് കയറിയപ്പോള്‍ ചെല്‍സി ഒന്നു വിറച്ചു. എന്നാല്‍ ചെല്‍സിയുടെ കളിമികവിന് മുന്നില്‍ സ്വാന്‍സി സിറ്റിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഡീഗോ കോസ്റ്റ എന്ന മിന്നും താരത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ് പിന്നെ സ്റ്റാന്‍ഫോര്‍ഡ് വേദിയായത്. 45ാം മിനുറ്റില്‍ ഫാബ്രിഗസ് എടുത്ത കോര്‍ണറില്‍ തല വെച്ച് ചെല്‍സിയുടെ ആദ്യ ഗോളും സമനിലയും പിടിച്ചു. രണ്ടാം പകുതിയില്‍ ഡീഗോ കോസ്റ്റയുടെ ഏകാധിപത്യത്തിന് തടയിടാന്‍ സ്വാന്‍സി സിറ്റിക്ക് സാധിച്ചില്ല. 56ാം മിനുറ്റില്‍ വീണ്ടും ഫാബ്രിഗസ്- കോസ്റ്റ മാജിക്. ഫാബ്രിഗസിന്റെ പാസ് സ്വീകരിച്ച് കോസ്റ്റ സൂപ്പര്‍ ഷോട്ട്. ഗോളുകള്‍ വീണ് തുടങ്ങിയതോടെ സ്വാന്‍സി സിറ്റി നിഷ്പ്രഭരായി. 67ാം മിനുറ്റില്‍ വീണ്ടും ഡീഗോ കോസ്റ്റയുടെ മനോഹരമായ ഗോള്‍. മൂന്ന് ഗോള്‍ നേട്ടത്തില്‍ തങ്ങളുടെ വിജയം നിര്‍ത്താന്‍ തയ്യാറല്ലായിരുന്നു ചെല്‍സി. 81ാം മിനുറ്റില്‍ ഓസ്‌കറില്‍ നിന്നും പാസ് സ്വീകിച്ച് ലോയ്ക് റെമി വലതുകാല്‍ കൊണ്ടുള്ള ഉഗ്രന്‍ ഷോട്ട് സ്വാന്‍സി സിറ്റിയുടെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. ആശ്വാസ മെന്നോണം ഷെല്‍വി 86ാം മിനുറ്റില്‍ സ്വാന്‍സി സിറ്റിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി

നെയ്മറിന് ഡബിള്‍
നൗകാമ്പ്: ലാലിഗയില്‍ പേരിനൊത്ത പോരാട്ടം കാഴ്ചവെക്കാനായില്ലെങ്കിലും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ 2-0ന്റെ വിജയം. നെയ്മര്‍ തന്റെ തിരിച്ചുവരവ് ഇരട്ട ഗോള്‍ നേട്ടത്തിലൂടെയാക്കി പ്രതിഭക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു. പതിഞ്ഞ താളത്തിലാണ് ബാഴ്‌സലോണ തുടങ്ങിയത്. മികച്ചൊരു മത്സരം കാത്തിരുന്നവര്‍ക്ക് അത് നല്‍കാന്‍ ബാഴ്‌സക്കായില്ല. പരിക്കില്‍ നിന്ന് മുക്തമായി മെസിയും നെയ്മറും വരുമ്പോള്‍ ആരാധകര്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കും. എങ്കിലും നെയ്മറുടെ മികച്ച പ്രകടനം തന്നെയായിരുന്നു മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. ഗോളുകള്‍ പിറക്കാതെ പോയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യവും ഗോള്‍ വീഴാതിരുന്നപ്പോള്‍ ഒരു സമനില മണക്കുന്ന സമയത്താണ്. രക്ഷകനായി കോച്ച് നെയ്മറെ കളത്തിലിറക്കിയത്. അതിന് പ്രത്യുപകാരമെന്നോണം 79ാം മിനുറ്റില്‍ മെസിയുടെ പാസ് സ്വീകരിച്ച് നെയ്മര്‍ പായിച്ച ഇടങ്കാലന്‍ ഷോട്ട് ഗോള്‍ വല തുളച്ചു. 84ാം മിനുറ്റില്‍ തങ്ങളുടെ വിജയമുറപ്പിച്ച് നെയ്മര്‍ തന്റെ രണ്ടാം ഗോളും നേടി അതും മെസിയുടെ പാസിലൂടെയായിരുന്നു.

ഡെമിച്ചെലിസ് രക്ഷിച്ചത്
ചെല്‍സിയുടെ ഭാവി
എമിറേറ്റ്‌സ്: ഡെമിച്ചെലിസിന്റെ ഹെഡ്ഡര്‍ രക്ഷിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗിലെ ഭാവി കൂടിയാണ്. ഒരു തോല്‍വി അതൊരിക്കലും സിറ്റിക്ക് സഹിക്കാന്‍ പറ്റുന്ന ഒന്നല്ല. സമനിലയിലൂടെ വിലപ്പെട്ട ഒരു പോയിന്റ് കൂടിയാണ് ഡെമിച്ചെലിസ് ടീമിന് നേടിക്കൊടുത്തത്. പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന പോരാട്ടമാണ് സമനിലയിലവസാനിച്ചത്. പോയിന്റ് നിലയില്‍ പിന്നില്‍ നില്‍ക്കുന്ന സിറ്റിക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ആഴ്‌സനലിന്റെ പോരാട്ടമികവിനുമുന്നില്‍ സമനില വഴങ്ങേണ്ടി വന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആഴ്‌സനലും സിറ്റിയും തമ്മില്‍ നടന്നത്. വിജയത്തില്‍ കുറഞ്ഞൊന്നുമില്ലാതെ ചിന്തയിലില്ല എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും പോരാടിയത്. കളിയുടെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇരു ടീമുകളും. കളി തുടങ്ങി പത്താം മിനുറ്റില്‍ ഡാനി വെല്‍ബെക്കിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റിന്റെ ഇടതു വശത്ത് കൂടി പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് ഇരു ഗോള്‍പോസ്റ്റുകളിലും നിരന്തരം ഷോട്ടുകള്‍ വന്നുകൊണ്ടിരുന്നു എന്നാല്‍ അത് ലക്ഷ്യത്തിലേക്കെത്താന്‍ വൈകി. ഇരു ടീമുകളും അധ്വാനിച്ചുമുന്നേറുന്നതിനിടയില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി മുന്നിലെത്തി. 28ാം മിനുറ്റിലായിരുന്നു ആഴ്‌സനലിന്റെ നെഞ്ചു തുളച്ചുകൊണ്ട് അഗ്യൂറോയുടെ ഷോട്ട് വലത് മൂലയില്‍ പതിച്ചത്. ആദ്യ ഗോള്‍ വലയില്‍ വീണതോടെ ഉണര്‍ന്ന ആഴ്‌സനല്‍ നിര മാഞ്ചസ്റ്റര്‍ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു. 63ാം മിനുറ്റില്‍ അതിന് ഫലം കണ്ടു. ആരോണ്‍ റാംസേയുടെ പക്കല്‍ നിന്നും പാസ് സ്വീകരിച്ച് മുന്നേറിയ ജാക്ക് വില്‍ഷെയറിന്റെ ഷോട്ട് സിറ്റിയുടെ ഗോള്‍പോസ്റ്റ് തുളച്ചു. സിറ്റിയുടെ പോസ്റ്റില്‍ ഗോളടിച്ചതിന്റെ ആരവുമായി ആഴ്‌സനല്‍ വീണ്ടും മികച്ച പാസുകളിലൂടെ മുന്നേറാന്‍ ആരംഭിച്ചു. അതിന്റെ ഫലമായി 74ാം മിനുറ്റില്‍ സാഞ്ചസിലൂടെ ആഴ്‌സനല്‍ മുന്നിലെത്തി. സാഞ്ചസിന്റെ വലങ്കാല്‍ ഷോട്ട് സിറ്റി പോസ്റ്റില്‍ പതിഞ്ഞു. ഗോള്‍ നേടിയതിന്റെ ആഘോഷം അതിര് കടന്നതിനാല്‍ ഉടന്‍ തന്നെ സാഞ്ചസിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. രണ്ടാം ഗോളും അടിച്ച് ആഴ്‌സനല്‍ ലീഡ് നേടിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി ഉണര്‍ന്നു കളിക്കാന്‍ ആരംഭിച്ചതിന്റെ ഫലമായി 83ാം മിനുറ്റില്‍ സിറ്റി സമനില പിടിച്ചു. അലക്‌സാണ്ടര്‍ കൊളറോവിന്റെ കോര്‍ണര്‍ കിക്ക് മാര്‍ട്ടിന്‍ ഡെമിച്ചെലിസ് മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് വിജയത്തിനായി മികച്ച പോരാട്ടം തന്നെ നടന്നുവെങ്കിലും ഗോള്‍ മാത്രം വീണില്ല.
കളിയുടെ ആരംഭം മുതല്‍ പോരാട്ടം കനത്തതോടെ ഫൗളുകളും ധാരാളമുണ്ടായി. ഫ്രാങ്ക് ലംപാര്‍ഡിന് തുടക്കത്തില്‍ തന്നെ മഞ്ഞക്കാര്‍ഡ് ലഭിച്ചു. തുടര്‍ന്നങ്ങോട്ട് മഞ്ഞക്കാര്‍ഡിന്റെ ഘോഷയാത്ര തന്നെയായിരുന്നു. പാബ്ലോ സബലേറ്റ, ഫെര്‍ണാന്‍ഡിഞോ, മാത്യു ഫെ്‌ളെമിനി, നാച്ചോ മോണ്‍റിയല്‍, അഗ്യൂറോ, തുടങ്ങി ഇരുഭാഗത്തേയും നിരവധി താരങ്ങള്‍ മഞ്ഞക്കാര്‍ഡും കണ്ടു.