ഭരണഘടനയെ നിന്ദിക്കുന്നത് പ്രതിലോമകരം: സമസ്ത പണ്ഡിത സമ്മേളനം

Posted on: September 13, 2014 11:47 pm | Last updated: September 13, 2014 at 11:47 pm
SHARE

samasthaകോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് സുരക്ഷയും ക്ഷേമവും ഉറപ്പു നല്‍കുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിന്ദിക്കുന്ന പ്രവണത പ്രതിലോമകരമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കോഴിക്കോട്ട് സംഘടിപ്പിച്ച പണ്ഡിത സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
നിലവിലുള്ള ഭരണഘടനക്കകത്തു നിന്നും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളൂ. ബാഹ്യ ഇടപെടലുകള്‍ മുസ്‌ലിംകളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ഇസ്‌ലാമിന്റെ പേരില്‍ ഭീകര പ്രവര്‍ത്തനവും മറ്റും നടത്തുന്നഛിദ്ര ശക്തികള്‍ക്ക് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന യാതൊരു വിധ സമീപനവും മുസ്‌ലിം വിശ്വാസികളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ രാജ്യവിരുദ്ധം എന്നത് പോലെ മത വിരുദ്ധം കൂടിയാണ്.
തീവ്രവാദ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക അജന്‍ഡകള്‍ നടപ്പാക്കാന്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉപയോഗിക്കരുത്. സമുദായ സ്‌നേഹം കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുതിരുന്നതെങ്കില്‍ ആ സ്‌നേഹം സമുദായത്തിന് ആവശ്യമില്ല.
മതങ്ങള്‍ക്കതീതമായി വ്യക്തികള്‍ സ്‌നേഹിക്കുന്നവരെ വിവാഹം കഴിക്കുന്നതിനെയും ആരും ഇസ്‌ലാമുമായി കൂട്ടിക്കെട്ടേണ്ട എന്നും വ്യക്തിപരമായ തീരുമാനങ്ങളെ മതത്തിന്റെ പേരില്‍ ആരോപിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സമ്മേളനം അംഗീകരിച്ച മറ്റൊരു പ്രമേയം അഭിപ്രായപ്പെട്ടു. ഒരു മുസ്‌ലിം മതവിശ്വാസി അന്യ മതത്തിലുള്ള വ്യക്തിയുമായി ഉണ്ടാക്കുന്ന വിവാഹക്കരാറിന് മതപരമായ യാതൊരു സാധുതയുമില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് പോലുള്ള വാക്പ്രയോഗങ്ങള്‍ തന്നെ ബാലിശമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന ധാര്‍മികതയും സദാചാരബോധവും പുലര്‍ത്താത്ത, വ്യക്തിപരമായ ഇത്തരം ബന്ധങ്ങളെ മുസ്‌ലിംകളുടെ അക്കൗണ്ടില്‍ എഴുതി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണമെന്നും വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് പിന്മാറണം എന്നും പ്രമേയം ആവശ്യപ്പെട്ടു.
സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിഷയം അവതരിപ്പിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എന്‍ അലിമുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സംബന്ധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പരമാധികാര സമിതിയായ മുശാവറ അംഗങ്ങള്‍ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 മുസ്‌ലിം മതപണ്ഡിതന്മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.