Connect with us

National

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്: ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹമുണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി പറഞ്ഞു. പൊതുവേദിയില്‍ ആദ്യമായാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അഭിലാഷം പ്രകടിപ്പിക്കുന്നത്. തനിക്ക് ഒരു അവസരം നല്‍കണമെന്നും അങ്ങനെ സംഭവിച്ചാല്‍ ഖേദിക്കേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റി വീതംവെപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി അത്ര നല്ല ബന്ധമില്ലാത്ത നിലയിലാണ് ഇപ്പോള്‍ ശിവസേന. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേനയുടെ പ്രാമുഖ്യം പറഞ്ഞുറപ്പിക്കുന്ന തരത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസംഗം. കാവി സഖ്യം അധികാരത്തിലെത്തിയാല്‍ കാണുന്ന “മുഖം” ശിവസേനയില്‍ നിന്ന് മാത്രമായിരിക്കുമെന്ന് ഉദ്ധവ് അവകാശപ്പെട്ടു.
മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്നില്ലെന്നും എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ധവ് പറഞ്ഞു. തന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ജനങ്ങളാണ് അക്കാര്യം തീരുമാനിക്കേണ്ടത്. ആരുടെ “മുഖം” (മുഖ്യമന്ത്രി) വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഒരു പദവിക്ക് പിന്നാലെയും പോകുന്നില്ല. എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമില്ല. ആ “മുഖം” ശിവസേനയില്‍ നിന്നാണെങ്കിലോ എന്ന ചോദ്യത്തിന്, ശിവസേനയില്‍ നിന്ന് മാത്രമായിരിക്കുമെന്ന് ഉദ്ധവ് മറുപടി നല്‍കി. നേതൃപാടവത്തെ സംബന്ധിച്ച ചോദ്യത്തിന്, താന്‍ ബാലെ സാഹിബിന്റെ (ബാല്‍ താക്കറെ) മകനാണെന്നായിരുന്നു മറുപടി.
ബി ജെ പിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണ്. തങ്ങള്‍ മത്സരിക്കാത്ത സീറ്റുകള്‍ ബി ജെ പിക്ക് വിട്ടുനില്‍കില്ല. അടിത്തറ സുദൃഢമാക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു പാര്‍ട്ടിയും നിലവിലെ യാഥാര്‍ഥ്യമനുസരിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറ്റത്തിനുള്ള ഒരു “മുഖം” (മോദി) കണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ വിജയത്തില്‍ ശിവസേനയുടെ സംഭാവന അവഗണിക്കാന്‍ സാധിക്കില്ല. തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മോദി തരംഗമുണ്ടാക്കിയോ? അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ടതാണ്. അധികാരത്തിലെത്തിയാല്‍, കര്‍ണാടക അധീനപ്പെടുത്തിയ ഭാഗങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗമാക്കുമെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയാണ് മുതിര്‍ന്ന സഖ്യകക്ഷിയെന്ന് പറഞ്ഞുറപ്പിക്കുന്നതായിരുന്നു ഉദ്ധവിന്റെ നിലപാട്. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 160 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 44 എണ്ണത്തില്‍ മാത്രമേ വിജയിച്ചുള്ളൂ. അതേസമയം, 119 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി 46 എണ്ണം നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 23 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 18 എണ്ണമാണ് നേടിയത്.

Latest