മോഷണമാരോപിച്ച് കുട്ടികളുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

Posted on: September 13, 2014 8:15 pm | Last updated: September 13, 2014 at 8:16 pm
SHARE

hot-oilസാഗര്‍: മധ്യപ്രദേശില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളുടെ കൈ അയല്‍വാസി തിളച്ച എണ്ണയില്‍ മുക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കുട്ടികളുടെ അയല്‍വാസിയായ ഭഗവന്‍ദാസ് ആണ് പണം മോഷ്ടിച്ചെന്നാരോപിച്ച് കൊടും ക്രൂരത കാണിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭഗവന്‍ ദാസിന്റെ വീട്ടില്‍ നിന്ന് 500 രൂപ മോഷണം പോയി. അയല്‍ വീട്ടിലെ കുട്ടികളാണ് പണം മോഷ്ടിച്ചത് എന്നാരോപിച്ച ഭഗവന്‍ ദാസ് കുട്ടികളെ സ്‌കൂളില്‍ നിന്ന് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും ഭാര്യയും സഹോദരനും ചേര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു.

കുട്ടികള്‍ കുറ്റം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടികളുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയത്. ഇയാളുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ഒരു കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടികയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തിയാണ് കുട്ടികളെ രക്ഷിച്ചത്. പരാതിയെ തുടര്‍ന്ന് ഭഗവന്‍ ദാസിനും ഭാര്യക്കും സഹോദരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.