Connect with us

Gulf

ബലിപെരുന്നാള്‍: വിമാനയാത്ര നിരക്ക് മൂന്നിരട്ടിയാകും

Published

|

Last Updated

ഷാര്‍ജ: ബലി പെരുന്നാളിനു ലഭിക്കുന്ന നീണ്ട അവധിയില്‍ നിരവധി പ്രവാസികള്‍ നാട്ടിലേക്കു പോകാന്‍ തയ്യാറെടുത്തതോടെ വിമാന കമ്പനികള്‍ യാത്ര നിരക്കു കുത്തനെ കൂട്ടി.
കേരളത്തിലേക്കും മംഗലാ പുരത്തേക്കും യു എ ഇയില്‍ നിന്നുള്ള യാത്ര നിരക്കാണ് വര്‍ധിപ്പിച്ചത്. മാത്രമല്ല ഈ മാസം 20 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെ കോഴിക്കോട്ടേക്കു എയര്‍ ഇന്ത്യ എക്‌സ്പ്രസിനു സീറ്റേയില്ല. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേക്കും സ്ഥിതി ഇതു തന്നെയാണെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു മാത്രമല്ല മറ്റു വിമാന കമ്പനികളും നിരക്കു കുത്തനെ കൂട്ടിയിട്ടുണ്ട്. അതേ സമയം ഉയര്‍ന്ന നിരക്കു നല്‍കുന്നവര്‍ക്കു പ്രസ്തുത കാലയളവില്‍ ടിക്കറ്റ് ലഭ്യവുമാണ്. കുറഞ്ഞ നിരക്കിലുള്ള സീറ്റുകളാണത്രെ ഫുള്‍ ആയിരിക്കുന്നത്. ദുബൈയില്‍ നിന്നും മംഗലാപുരത്തേക്കു എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ഒക്‌ടോബര്‍ ഒന്നിനു ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. 1,640 ദിര്‍ഹം. ഇതു പോകാനുള്ള നിരക്ക് മാത്രമാണ്. മടക്കയാത്രക്കുള്ള ടിക്കറ്റ് വേറെ എടുക്കണം. റിട്ടേണ്‍ ടിക്കറ്റടക്കം 2,000ല്‍ അധികം ദിര്‍ഹം വരുമെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. മംഗലാപുരത്തേക്കും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും 500നും 600നും ദിര്‍ഹത്തിനൊക്കെ വണ്‍വേ ടിക്കറ്റ് ലഭിക്കുന്നുണ്ടത്രെ. ഈ നിരക്കാണ് പെരുന്നാള്‍ ആകുമ്പോഴേക്കും മൂന്നിരട്ടിയിലധികമായി വര്‍ധിപ്പിക്കുന്നത്.
പൊതു മേഖലക്കു ഒമ്പതു ദിവസം അവധി ലഭിച്ചേക്കുമെന്നാണ് സൂചന. നീണ്ട അവധിയെത്തുടര്‍ന്നു മേഖലയിലും വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും പെരുന്നാള്‍ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്കുപോകാന്‍ തയ്യാറെടുത്തുവരികയായിരുന്നു. ഇതിനിടെയാണ് ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധനവ് ഉണ്ടായത്.
ഇതോടെ യാത്ര പ്രതിസന്ധിയാകുക മാത്രമല്ല അവരെ നിരാശരാക്കുകയും ചെയ്തു. അവധിക്കാലം മുതലെടുത്ത് പ്രവാസികളെ ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികളെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ടിക്കറ്റിന്റെ ഭീമമായ വര്‍ധനവ് കാരണം അവധിക്കുപോയ പലരും തിരിച്ചുവരാനാകാതെ നാട്ടില്‍ വിഷമിക്കുന്നതിനിടെയാണ് നാട്ടിലേക്കുള്ള നിരക്കുകൂടി ഉയര്‍ന്നത്.

 

Latest