Connect with us

Gulf

വിദ്യാര്‍ഥിയെ തല്ലിയ അധ്യാപികയെ സസ്‌പെന്റ് ചെയ്തു

Published

|

Last Updated

റാസല്‍ ഖൈമ: ക്ലാസില്‍ വെള്ളം മറിഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ഥിയെ തല്ലിയ അധ്യാപികയെ സസ്‌പെന്റ് ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന 11 കാരനായ ബാലനാണ് അധ്യാപികയുടെ ശാരീരിക പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്യാന്‍ എമിറേറ്റിലെ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന റാസല്‍ ഖൈമ എജ്യുക്കേഷന്‍ അധികൃതര്‍ വിദ്യാലയ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
ഫലജ് അല്‍ മുഅല്ല മേഖലയിലെ വിദ്യാലയത്തിലായിരുന്നു ബാലന്‍ പീഡനത്തിനിരയായത്.
ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം 3.30 ഓടെ കുട്ടിയുടെ പിതാവ് വിളിച്ചു പരാതിപ്പെടുകയായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാസിം ഫായിസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമെന്നും ഉടന്‍ അധ്യാപികയെ സേവനത്തില്‍ നിന്ന് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
സംഭവം അറിഞ്ഞ ഉടന്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ റാസല്‍ ഖൈമ സ്‌കൂള്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് പീഡനം ഏറ്റിട്ടുണ്ടെന്നു ബോധ്യപ്പെട്ട ശേഷമായിരുന്നു നടപടി സ്വീകരിക്കാന്‍ വിദ്യാലയ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സംഘം വിദ്യാലയത്തില്‍ എത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. വിദ്യാര്‍ഥിയെ തല്ലിയതിനൊപ്പം ചീത്ത പറയുകയും ചെയ്തതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. കുട്ടിയെ തല്ലിയതായി അധ്യാപിക സമ്മതിച്ചിട്ടുണ്ട്.
തറയില്‍ വെള്ളം വീണതിനാണ് കുട്ടിയെ തല്ലിയതെന്നും കുട്ടിയുടെ മുടി പിടിച്ചുവലിച്ചതായും ക്ലാസ് നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറയുടെ സാന്നിധ്യമില്ലാത്ത ഭാഗത്തേക്ക് കുട്ടിയെ അധ്യാപിക വലിച്ചുകൊണ്ടുപോയതായും പ്രിന്‍സിപ്പല്‍ വെളിപ്പെടുത്തി. കുട്ടിയെ ടീച്ചര്‍ നുള്ളിയതായും സഹപാഠികള്‍ നല്‍കിയ മൊഴിയിലുണ്ട്.
എമിറേറ്റിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കെതിരായി ഇത്തരം മനുഷ്യത്വരഹിതമായ ശിക്ഷാ വിധികള്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കാരണക്കാരാവുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും റാസല്‍ ഖൈമ എജ്യുക്കേഷന്‍ സോണ്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ സഈദ് അലി ബിന്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ശിക്ഷാവിധികള്‍ക്ക് നേരത്തെ തന്നെ എമിറേറ്റില്‍ വിലക്കുള്ളതാണ്.
നിയമനടപടികളുടെ ഭാഗമായി സംഭവം വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Latest