Connect with us

Gulf

മന്ത്രിതല കൂടിക്കാഴ്ച; പ്രധാന വിഷയം യാത്രാ പ്രശ്‌നം

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം യാത്രാ പ്രശ്‌നമാകുമെന്ന് സൂചന. യാത്രാ പ്രശ്‌നത്തിനെതിരെ നിരവധി സമരമുറകള്‍ പ്രവാസികള്‍ നടത്തിയെങ്കിലും പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസമായി എയര്‍ ഇന്ത്യ സ്ഥിരമായി യാത്ര ക്രമംതെറ്റിക്കുകയാണ്. മണിക്കൂറുകളാണ് വിമാനം വൈകി പറക്കുന്നത്. എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സര്‍വീസ് വൈകുന്നത് തുടരുകയാണ്.
ഇന്ത്യയിലെ മറ്റു വിമാന ത്താവളങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള സര്‍വീസുകളാണ് സ്ഥിരമായി വൈകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അബുദാബിയില്‍ നിന്നും രാത്രി എട്ടിനും രാത്രി പന്ത്രണ്ടിനും സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് വിമാനം വൈകുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും രാവിലെ 11ന് കോഴിക്കോട്ടേക്കും രാത്രി 12ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള എക്‌സ്പ്രസ് വിമാനങ്ങള്‍ എട്ട് മണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത്.
വിമാനങ്ങള്‍ വൈകുമ്പോഴും റദ്ദ് ചെയ്യുമ്പോഴും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരമറിയിക്കണമെന്നാണ് നിയമം. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിക്കഴിഞ്ഞാല്‍ വിമാനം വൈകുന്ന പക്ഷം സുരക്ഷിത സ്ഥാനത്ത് താമസിപ്പിക്കണം. എന്നാല്‍ എയര്‍ ഇന്ത്യ-എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഇത്തരത്തിലുള്ള ഒരു നിയമവും പാലിക്കാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഷാര്‍ജ, ദുബൈ എന്നി വിമാനത്താവളത്തിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്താണ് വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് യാത്രക്കാര്‍ എത്തുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ വിമാനം റദ്ദ് ചെയ്യുന്നതിനാല്‍ കടുത്ത ദുരിതമാണനുഭവിക്കേണ്ടിവരുന്നത്. വിമാനം റദ്ദ് ചെയ്യുന്നത് പതിവ് സംഭവമായതോടെ യാത്രക്കാര്‍ പെരുവഴിയിലാവുന്ന സ്ഥിതിയാണ് ആവര്‍ത്തിക്കപ്പെടുന്നത്. മണിക്കൂറുകളോളം വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ സമയം തള്ളുന്ന യാത്രക്കാരും കുറവല്ല.
സര്‍വീസിനായി ഉപയോഗിക്കുന്ന വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന പരാതിയും യാത്രക്കാരില്‍ നിന്നും ഉയരുന്നുണ്ട്.

 

Latest