Connect with us

Gulf

അഡിഹെക്‌സ്: കൈകൊണ്ട് നിര്‍മിച്ച തോക്കുകള്‍ ശ്രദ്ധാകേന്ദ്രം

Published

|

Last Updated

അബുദാബി: അഡിഹെക്‌സി (അബുദാബി ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സ്ബിഷന്‍)ല്‍ കൈകൊണ്ട് നിര്‍മിച്ച തോക്കുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ലണ്ടനിലെ തോക്കു നിര്‍മിക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച കൊല്ലന്മാര്‍ കൈകൊണ്ട് നിര്‍മിച്ച തോക്കുകളാണ് അഡിഹെക്‌സ് പ്രദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ കാഴ്ചക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്.
ദീര്‍ഘ കാലം നിരന്തരം അധ്വാനിച്ച് കൊല്ലന്മാര്‍ നിര്‍മിച്ച 431 തോക്കുകളാണ് അഡിഹെക്‌സില്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായി എത്തിച്ചിരിക്കുന്നതെന്ന് ഇവയുടെ ഉടമകളില്‍ ഒരാളായ ഉള്‍ഫ് ഒള്‍സോണ്‍ വ്യക്തമാക്കി. ഇത്തരം തോക്ക് നിര്‍മിക്കുന്ന കൊല്ലന്മാരില്‍ നിന്നു ശേഖരിച്ചു സൂക്ഷിച്ചവയാണ് അബുദാബിയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ഉള്‍ഫിന്റെ കീഴിലുള്ള സ്റ്റാളിലാണ് കൈകൊണ്ട് നിര്‍മിച്ച തോക്കുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരമുള്ളത്.
തോക്കിന്റെ കഥ ലോകത്തെ ധരിപ്പിക്കാന്‍ വിവരണത്തിനൊപ്പം ഇതിനെക്കുറിച്ചുള്ള ലഘുലേഖകളും പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളും ഇവരുടെ സ്റ്റാളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓരോ തോക്കിനൊപ്പവും നിര്‍മിച്ച കാലവും മോഡല്‍ നമ്പറുമെല്ലാം കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന് സ്റ്റാളില്‍ തോക്കുകളെക്കുറിച്ച് വിശദീകരിക്കുന്ന ഉള്‍ഫിന്റെ ഉടമകളില്‍ ഒരാളായ ഒലിവര്‍ ലെക്ലെര്‍ക്ക് വ്യക്തമാക്കി.
പ്രദര്‍ശന നഗരിയിലെ തോക്കുകളുടെ കഥ കേട്ടറിഞ്ഞ് നിരവധി ആളുകളാണ് വിദൂര ദേശങ്ങളില്‍ നിന്നുപോലും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 431 തോക്കുകള്‍ക്കുമായി മതിപ്പ് വില 2.72 കോടി ദിര്‍ഹമാണ്. സുഹൃത്തുക്കളായ ഉള്‍ഫും ഒലിവറും ഇവ വിറ്റഴിക്കാനാണ് പ്രദര്‍ശനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇരുവരും കുടിയേറിയ പുതിയ രാജ്യത്ത് ഇത്രയധികം തോക്കുകള്‍ വ്യക്തികള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമായതാണ് തങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന ശേഖരം വിറ്റഴിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

 

Latest