സിവില്‍ സപ്ലൈസ് ഓഫീസ് കെട്ടിടം പോലീസ് സഹായത്തോടെ തകര്‍ത്തതായി പരാതി

Posted on: September 13, 2014 11:41 am | Last updated: September 13, 2014 at 11:41 am
SHARE

കോഴിക്കോട്: സിവില്‍ സപ്ലൈസ് മണ്ണെണ്ണ മൊത്തവിതരണ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമ പോലീസ് സഹായത്തോടെ തകര്‍ത്തതായി പരാതി. സൗത്ത്ബീച്ച് റോഡിലെ അബ്ദൂട്ടി ഷോപ്പിംഗ് കോംപ്ലക്‌സിലെ പത്മ ഏജന്‍സീസ് എന്ന പേരിലുള്ള ഓഫീസ് തകര്‍ത്തതായാണ് പരാതി. 1997ല്‍ കട വാടകക്ക് എടുത്ത പി എസ് കുഞ്ഞിക്കോയയുടെ മകനും ഇപ്പോള്‍ സ്ഥാപനം നടത്തിപ്പുകാരനുമായ സി കെ വി മുഹമ്മദ് ഉസ്മാനാണ് പരാതിക്കാരന്‍.
കടയിലെ ഫര്‍ണിച്ചറും സാധനസാമാഗ്രികളും പണവും സിവില്‍ സപ്ലൈസിന്റെ രേഖകളും മറ്റും കടത്തിക്കൊണ്ടുപോയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധനങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ ടൗണ്‍ പോലീസ് ജീപ്പില്‍ കാവല്‍ നില്‍ക്കുന്നത് കണ്ടതായും ഏതാനും മാസമായി കെട്ടിടം ജന്മികള്‍ കൈമാറ്റം നടത്തിയെന്ന് പറഞ്ഞ് ചിലര്‍ കെട്ടിടം ഒഴിയാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി, സിവില്‍ സപ്ലൈസ് മന്ത്രി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ കലക്റ്റര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.