സംസ്ഥാനത്ത് 1050 കോടി രൂപ ചെലവില്‍ കളിസ്ഥലങ്ങള്‍ നവീകരിക്കും: തിരുവഞ്ചൂര്‍

Posted on: September 13, 2014 11:40 am | Last updated: September 13, 2014 at 11:40 am
SHARE

thiruvanchoor1കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന് ശേഷം 1050 കോടി രൂപ ചെലവഴിച്ച് കളിസ്ഥലങ്ങള്‍ നവീകരിക്കുകയും പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയും ചെയ്യുമെന്ന് കായിക, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘സ്പീഡ് ‘ സമഗ്ര കായിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗെയിംസ് യൂനിറ്റുകളുടെ ഉദ്ഘാടനം മാനാഞ്ചിറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരു ലക്ഷം അത്‌ലറ്റുകളെ വളര്‍ത്താന്‍ ബൃഹത് പദ്ധതി ആവിഷ്‌കരിക്കും. മികവ് പുലര്‍ത്തുന്ന അത്‌ലറ്റുകളെ വിദേശ കോച്ചിംഗ് സെന്ററുകളിലേക്കയക്കുന്ന കാര്യവും വിദേശ കോച്ചുകളെ ഇവിടേക്ക് ക്ഷണിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്. 17 വര്‍ഷത്തിന് ശേഷം കേരളത്തില്‍ എത്തുന്ന ദേശീയ ഗെയിംസ് വിജയിപ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കബഡി മാറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എ പദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റിന് മന്ത്രി തിരുവഞ്ചൂര്‍ അഭിവാദ്യം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പദ്ധതി വിശദീകരണം നടത്തി. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍, ഒമ്പത് എയ്ഡഡ് സ്‌കൂളുകള്‍, 10 അക്കാദമികള്‍ എന്നിവയില്‍ ഗെയിംസ് യൂനിറ്റുകള്‍ തുടങ്ങുന്ന പദ്ധതി പ്രകാരം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കുകയും മള്‍ട്ടിജിം ഉള്‍പ്പെടെയുള്ള പരിശീലനം ഒരുക്കുകയും ചെയ്യും. കായികാധ്യാപകര്‍ക്കും പരിശീലനം നല്‍കും. 1500 വിദ്യാര്‍ഥികളാണ് സ്പീഡ് പദ്ധതിയിള്‍ ഉള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഷീബ, ടി കെ തങ്കമണി, സി വി എം നജ്മ, പി ജി ജോര്‍ജ്, വിദ്യാഭ്യാസ സമിതി അധ്യക്ഷ പി ടി എം ശറഫുന്നീസ, സെക്രട്ടറി എം സലാം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, പി മൊയ്തീന്‍ പ്രസംഗിച്ചു.