ചോലക്കല്‍ മൊബൈല്‍ ഷോപ്പിലെ കവര്‍ച്ച; പ്രതി അറസ്റ്റില്‍

Posted on: September 13, 2014 11:39 am | Last updated: September 13, 2014 at 11:39 am
SHARE

എടക്കര: മുസ്‌ലിയാരങ്ങാടിയിലെ ചോലക്കല്‍ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ നിന്നും ജില്ലയിലെ ഒന്‍പതു കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി. ഗൂഡല്ലൂര്‍ പാടം തുറകാപ്പില്‍ അശ്‌റഫി (35)നെയാണ് പിടികൂടിയത്.
കഴിഞ്ഞ 30നാണ് മുസ്‌ലിയാരങ്ങാടിയിലെ ചോലക്കല്‍ സുനൈബിന്റെ മൊബൈല്‍ ഷോപ്പില്‍ ഓടിളക്കി മാറ്റി സീലിംഗ് പൊളിച്ച് പ്രതി കയറിയത്. സി സി ടി വി ക്യാമറ നശിപ്പിച്ച പ്രതി 10 മൊബൈല്‍ ഫോണുകളും ടാബ്‌ലറ്റും ലാപ്‌ടോപ്പുമാണ് മോഷ്ടിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിരുന്നു. മോഷണത്തിനിടെ കടയില്‍ സ്ഥാപിച്ച സി സി ടി വി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖം ടവ്വല്‍ കൊണ്ട് മറച്ചാണ് മോഷണം നടത്തിയത്. മൂന്ന് ക്യാമറകളും നശിപ്പിച്ചിരുന്നു. ക്യാമറ ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ പതിഞ്ഞാരിക്കാമെന്ന് മനസിലാക്കിയ പ്രതി ലാപ്‌ടോപ്പ് നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി സി ടി വിയിലെ ഒരു ക്യാമറ ദൃശ്യം മറ്റൊരു കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്തതിനാല്‍ ദൃശ്യം ലഭ്യമാകുകയും പ്രതിയുടെ ചിത്രം പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 12ന് വഴിക്കടവിലെ ഒരു മൊബൈല്‍ കടയില്‍ പത്രത്തില്‍ കണ്ട ഫോട്ടോക്ക് സമാനമായി ഒരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കര എസ് ഐ ജ്യോതീന്ദ്രകുമാറും സംഘവും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പ്രതി മൊബൈല്‍ ഫോണുമായി പിടിയിലായത്. മോഷ്ടിച്ച മൊബൈലുകളും ടാബ്‌ലെറ്റും ഗൂഡല്ലൂരിലെ സഹോദരന് വിറ്റിരുന്നു. മറ്റൊരു മൊബൈല്‍ കോഴിക്കോടും വിറ്റിരുന്നു. നശിപ്പിച്ച ലാപ്‌ടോപ്പ് കടയുടെ സമീപത്തു നിന്ന് കണ്ടെടുത്തു.
പെരിന്തല്‍മണ്ണ, കോട്ടക്കല്‍, മഞ്ചേരി, നിലമ്പൂര്‍ മുതലായ സ്റ്റേഷന്‍ പരിധികളില്‍ നിരവധി ഇന്‍ഡസ്ട്രിയല്‍ കടകളിലെ നിന്ന് മേല്‍കൂര നീക്കി അകത്ത് കയറി വെല്‍ഡിംഗ് സെറ്റുകളില്‍ നിന്നും കോപ്പര്‍ കമ്പികളും കേബിളുകളും പിച്ചള സാധനങ്ങളും ഗണ്‍മെറ്റല്‍, മറ്റു ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ച് കോഴിക്കോട് ഒരു ആക്രിക്കടയില്‍ വില്‍പ്പന നടത്തുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് വരികയും കടകള്‍ കണ്ട് വെച്ച് രാത്രിയില്‍ മോഷണം നടത്തുകയുമാണ് രീതി. എല്ലാ സ്ഥാപനങ്ങളിലും മേല്‍ക്കൂര പൊളിച്ചാണ് മോഷണം.
പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപം കണ്ണത്ത് ഇന്‍ഡസ്ട്രിയല്‍, പെരിന്തല്‍മണ്ണ പാലക്കാട് റോഡിലെ വി എം ആര്‍ ഇന്‍ഡസ്ട്രീല്‍, മഞ്ചേരി നെല്ലിപറമ്പിലെ രാധാകൃഷ്ണ ഇന്‍ഡസ്ട്രീല്‍, നെല്ലിപറമ്പിലെ ഇന്‍ഡസ്ട്രീല്‍, ഗണേഷ് ഇന്‍ഡസ്ട്രീല്‍, മഞ്ചേരി വെള്ളുവമ്പ്രം സൂപ്പര്‍ എന്‍ജിനീയേഴ്‌സ്, മഞ്ചേരി വെള്ളുവമ്പ്രത്തുള്ള ആക്രികട, മഞ്ചേരി വെള്ളുവമ്പ്രത്തുള്ള സൂപ്പര്‍ ഇന്‍ഡസ്ട്രീല്‍ വര്‍ക്‌ഷോപ്പ്, കോട്ടക്കലിലുള്ള ആശാന്‍ ഇന്‍ഡസ്ട്രീല്‍ തുടങ്ങിയവിടങ്ങളില്‍ പ്രതി കഴിഞ്ഞ നാലു വര്‍ഷത്തോളമായി മോഷണം നടത്തിവരികയായിരുന്നു. പത്ത് വര്‍ഷം മുമ്പ് ഗൂഡല്ലൂരിലെ കടയില്‍ മോഷണം നടത്തിയതിന് പ്രതി മുമ്പ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മഞ്ചേരിയില്‍ സൂപ്പര്‍ ഇന്‍ഡസ്ട്രീസില്‍ പ്രതി നടത്തിയ കവര്‍ച്ചയില്‍ ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ പ്രതി നിസാര തുകക്കായിരുന്നു വിറ്റിരുന്നത്. മോഷണം നടന്ന സ്ഥാപനങ്ങളിലെല്ലാം തുടരെ മോഷണം നടക്കുന്നത് സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങും. പെരിന്തല്‍മണ്ണ ഡി വൈ എസ് പി വിജയകുമാറിന്റെ നേതൃത്വത്തില്‍ എടക്കര എസ് ഐ ജ്യോതീന്ദ്രകുമാര്‍, എ എസ് ഐ ഖാലിദ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായി. എം അസൈനാര്‍, ജാബിര്‍, മുജീബ്, സന്തോഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.