Connect with us

National

ഉപ തിരഞ്ഞെടുപ്പുകളില്‍ ഭേദപ്പെട്ട പോളിംഗ്, സമാധാനപരം

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലായി 33 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപ തിരഞ്ഞെടുപ്പ് നടന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഛത്തീസ്ഗഢ്, അസം, തെലങ്കാന സംസ്ഥാനങ്ങളിലായാണ് നിയമസഭാ, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും മെയ്ന്‍പുരി ലോക്‌സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയുടെ പത്ത് എം എല്‍ എമാരും അപ്‌നാ ദളിന്റെ ഒരാളും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് രാജിവെച്ച ഒഴിവിലാണ് മെയ്ന്‍പുരിയിലെ തിരഞ്ഞെടുപ്പ്. ഇവിടെ 56 ശതമാനം വോട്ട് രേഖപ്പെടുത്തി. യു പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് രേഖപ്പെടുത്തി.
വാരാണാസി, വഡോദര മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ച ഒഴിവിലാണ് വഡോദരയില്‍ തിരഞ്ഞെടുപ്പ്. വഡോദരയില്‍ 49 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇതിന് പുറമെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു. 49 ശതമാനം പോളിംഗാണ് ഗുജറാത്തില്‍ രേഖപ്പെടുത്തിയത്. ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ടെടുപ്പ് നടന്ന ത്രിപുരയില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 87 ശതമാനമാണ് ത്രിപുരയിലെ പോളിംഗ്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രാജിവെച്ച ഒഴിവിലാണ് മേദക് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇവിടെ 67 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ ബാസിഹട്ട്, ചൗരിംഘീ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഇവിടെ യഥാക്രമം 79.59, 47.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഛത്തീസ്ഗഢിലെയും ആന്ധ്രാപ്രദേശിലെയും ഓരോ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇവിടെ യഥാക്രമം 50ഉം 68ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 50 ശതമാനമാണ് പോളിംഗ്. രാജസ്ഥാനിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും ഭേദപ്പെട്ട പോളിംഗ് നടന്നു. 66 ശതമാനമാണ് പോളിംഗ്.