മദ്യത്തിനെതിരെ ഒറ്റക്കെട്ടായി പാലേങ്ങര കോളനി

Posted on: September 13, 2014 9:47 am | Last updated: September 13, 2014 at 9:47 am
SHARE

നിലമ്പൂര്‍: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്‍തുണ നല്‍കി നഗരസഭയിലെ പയ്യംപള്ളി പാലേങ്ങര കോളനിയും. നഗരസഭയിലെ 15ാം ഡിവിഷനായ പയ്യംപള്ളി മദ്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി പാലേങ്ങര കോളനിയില്‍ നടന്ന ബോധവല്‍ക്കരണ പൊതുയോഗം നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
കോളനി നിവാസികളെ പ്രതിനിധീകരിച്ച് തെങ്ങോടന്‍ സുന്ദരന്‍ മദ്യനിരോധന പ്രഖ്യാപനം നടത്തി. കായിക വാസന വളര്‍ത്തുന്നതിനായി വടംവലി മത്സരവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തില്‍ വനിതകള്‍ മദ്യകുപ്പി കമഴ്ത്തി മദ്യവിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നല്‍കി. കെ.പി. ഉണ്ണി ആധ്യക്ഷം വഹിച്ച യോഗത്തില്‍ വിജയന്‍ പുലിക്കോട്, കെ.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ മുകുന്ദഘോഷ് ബോധവല്‍ക്കരണ ക്ലാസെടുത്തു. പായസവിതരണവും നടത്തി.