മങ്കട താലൂക്ക് ആശുപത്രിക്ക് 2.29 കോടി രൂപയുടെ വികസന പദ്ധതികള്‍

Posted on: September 13, 2014 9:47 am | Last updated: September 13, 2014 at 9:47 am
SHARE

മങ്കട: ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇരുപതിന് നടക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാറാണ് പ്രഖ്യാപനം നിര്‍വ്വഹിക്കുക. ആശുപത്രിക്ക് പുതുതായി നിര്‍മ്മിച്ച ഒ പി ബ്ലോക്ക് ഉദ്ഘാടനവും ടി എ അഹമ്മദ് കബീര്‍ എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവില്‍ നിര്‍രിക്കുന്ന കെട്ടിടത്തിനും ഇ അഹമ്മദ് എം പി യുടെ 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനും ചടങ്ങില്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ ചെലവിലാണ് ആശുപത്രിക്ക് പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. 22 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചിട്ടുണ്ട്. ഇതോടെ 2.29 കോടി രൂപയുടെ വികസന പദ്ധതികളാണ് മങ്കട ആശുപത്രിയില്‍ നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രി പ്രഖ്യാപന ചടങ്ങ് ആഘോഷമാക്കാന്‍ ഇന്നലെ ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. ഉദ്ഘാടന ദിവസം വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തികൊണ്ട് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ മുഖ്യ രക്ഷാധികാരിയായി 101 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
സംസ്ഥാന പാതയില്‍ മഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യമേഖലയില്‍ പോലും മറ്റ് ആശുപത്രികളില്ലാത്തതും ഈ റൂട്ടില്‍ റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും മങ്കട കേന്ദ്രീകരിച്ച് അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യവുമാണെന്ന് നേരത്തെ മുതലുള്ള ആവശ്യമാണ്.
ഇന്ന് അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാല്‍ വളരെ പ്രയാസപ്പെട്ടാണ് രോഗികളെ പെരിന്തല്‍മണ്ണയിലും, മഞ്ചേരിയിലും അശുപത്രിയിലെത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ടി എ അഹമ്മദ് കബീര്‍ എം എല്‍ എയുടെ ശ്രമഫലമായി 1.12 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടപ്പാക്കുന്നത്. ആശുപത്രിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്ത് അംഗം ഇ പാത്തുമ്മകുട്ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് മുഹമ്മദാലി, യു കെ അബൂബക്കര്‍, സമദ് മങ്കട, മാമ്പറ്റ രത്‌നകുമാര്‍, ടി കെ ശശീന്ദ്രന്‍, പി ടി ശറഫുദ്ദീന്‍ പ്രസംഗിച്ചു.