വോളി അക്കാദമിക്ക് സഹായഹസ്തവുമായി ജനപ്രതിനിധികള്‍ രംഗത്ത്

Posted on: September 13, 2014 9:34 am | Last updated: September 13, 2014 at 9:34 am
SHARE

നാദാപുരം: അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് തൊട്ടില്‍പ്പാലം കേന്ദ്രമാക്കി തുടങ്ങുമെന്ന പ്രഖ്യാപിച്ച വോളി അക്കാദമിക്ക് വേണ്ട സഹായവുമായി ജനപ്രതിനിധികള്‍ രംഗത്ത്.
എം എല്‍ എ മാരായ ഇ കെ വിജയന്‍, കെ കെ ലതിക, കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരേന്ദ്രന്‍ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്തത്. പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജേണലിസം ക്ലബ്ബിന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിപാടിയിലാണ് തന്റെ ഭാവി തീരുമാനം ടോം ജോസഫ് വിശദീകരിച്ചത്്. ഇതേ തുടര്‍ന്ന് ടോം ജോസഫുമായി ഇ കെ വിജയന്‍ എം എല്‍ എ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ടോം ജോസഫും എം എല്‍ എ യും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ അടുത്ത മാസം വിശദമായ ചര്‍ച്ച നടത്തും.
അക്കാദമിക്ക് വേണ്ട സ്ഥലം എങ്ങനെ ലഭ്യമാക്കുമെന്നതാണ് പ്രധാന വിഷയമായി ഉയര്‍ന്നു വരുന്നത്. കക്കട്ട് കേന്ദ്രമായി അക്കാദമിയുടെ പ്രവര്‍ത്തനം സക്രിയമായി നടക്കുന്നുണ്ട്. ഇവിടെ വനിതകള്‍ക്കുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടില്‍പ്പാലത്ത് അക്കാദമി തുടങ്ങാനുളള നീക്കം സ്വാഗതാര്‍ഹമാണെന്നും ഇതിന് വേണ്ട എല്ലാ സഹകരണങ്ങളും നല്‍കുമെന്നും കെ കെ ലതിക എം എല്‍ എ പറഞ്ഞു.