Connect with us

Kozhikode

ചോറോട് സര്‍വീസ് സഹകരണ ബേങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു

Published

|

Last Updated

വടകര: ചോറോട് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടറിയടക്കമുള്ള നാല് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാത്ത ഭരണസമിതി പിരിച്ചുവിട്ട് മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു.
ആര്‍ എം പി നേതാവ് സി സോമന്‍ കണ്‍വീനറും കോണ്‍ഗ്രസ് നേതാക്കളായ കളത്തില്‍ പീതാംബരന്‍, അഡ്വ. പി ടി കെ അജ്മല്‍ അംഗങ്ങളുമായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് വടകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ചുമതലയേറ്റത്. ഭരണ സമിതി പിരിച്ചുവിട്ട നടപടിക്കെതിരെ എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ബേങ്ക് അടച്ചിട്ടതിനാലാണ് കമ്മിറ്റി അംഗങ്ങള്‍ എ ആര്‍ ഓഫീസില്‍ വെച്ചു ചുമതലയേറ്റത്.
ബേങ്കിന്റെ വള്ളിക്കാട്ടുള്ള നീതി സ്റ്റോറില്‍ നടന്ന തിരിമറി, സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട അഴിമതി, വരിശ്യക്കണ്ടി ശാഖയിലെ നിത്യനിധി ക്രമക്കേട്, പടക്കവില്‍പ്പനയിലെ ക്രമക്കേട്, സെയിഫ് ഡെപ്പോസിറ്റ് ലോക്കര്‍, ഡി സി ടി പി സ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ അടക്കം 37 ലക്ഷം രൂപയുടെ അഴിമതി വിജിലന്‍സും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ഭരണസമിതിക്ക് സഹകരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കാന്‍ അന്നത്തെ ഭരണ സമിതിയും തുടര്‍ന്ന് അധികാരത്തിലെത്തിയ ഭരണ സമിതിയും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഭരണസമിതി പിരിച്ചുവിടാന്‍ കാരണം.
ഭരണ സമിതി പിരിച്ചുവിട്ടതില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ കടകമ്പോളങ്ങളും സഹകരണ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സഹകരണ മേഖലയില്‍ സി പി എം നടത്തുന്ന വ്യാപകമായ അഴിമതിക്കെതിരെയുള്ള ബഹുജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണ് ചോറോട് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയെന്ന് ആര്‍ എം പി ഒഞ്ചിയം ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എന്‍ സി പി വടകര താലൂക്ക് നേതൃയോഗം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.