നിര്‍ത്തലാക്കിയ തമിഴ്‌നാട് സര്‍വീസിനു പകരം കെ എസ് ആര്‍ ടി സി ഓടിക്കാന്‍ ഒപ്പുശേഖരണം

Posted on: September 13, 2014 8:56 am | Last updated: September 13, 2014 at 8:56 am
SHARE

വടക്കഞ്ചേരി: മീനാക്ഷിപുരം-ചിറ്റൂര്‍ വഴി കോയമ്പത്തൂരിലേക്കു നടത്തിയിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ത്തലാക്കിയ സര്‍വീസിനുപകരം കെ എസ്ആര്‍ ടി സി ഓടിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ആര്‍ ടി ഒയ്ക്ക് നിവേദനം നല്‍കാന്‍ യാത്രക്കാര്‍ ഒപ്പുശേഖരണം തുടങ്ങി.
കഴിഞ്ഞ അമ്പതുവര്‍ഷമായി ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് രാവിലെ എട്ടിനും വൈകുന്നേരം മൂന്നിനുമായി രണ്ടു സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതില്‍ പ്രഭാത സര്‍വീസാണ് കഴിഞ്ഞ ഒരുവര്‍ഷമായി നിര്‍ത്തിവച്ചിരിക്കുന്നത്. മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, നന്ദിയോട് മൂപ്പന്‍കുളം, അത്തിമണി എന്നിവിടങ്ങളിലുള്ള യാത്രക്കാര്‍ക്കു സൗകര്യപ്രദമായ സര്‍വീസാണ് നിര്‍ത്തലാക്കിയത്. രാവിലെയും വൈകുന്നേരവുമുള്ള രണ്ടു സര്‍വീസുകളിലും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചിരുന്നതിനാല്‍ നല്ല കലക്്ഷനും ലഭിച്ചിരുന്നു.
സര്‍വീസ് നിര്‍ത്തലാക്കിയതിനു പിന്നില്‍ സ്വകാര്യ ബസുടമകളുടെ പ്രലോഭനം മൂലമാണെന്ന യാത്രക്കാരുടെ ആരോപണം ഉയര്‍ന്നിരുന്നു. കോയമ്പത്തൂരിലേക്കുള്ള യാത്രാസൗകര്യത്തിനു പുറമേ പട്ടഞ്ചേരി- പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നും പുളി, പച്ചക്കറി ഉത്പന്നങ്ങള്‍ കോയമ്പത്തൂര്‍ ചന്തയിലെത്തിക്കാനും സൗകര്യമുള്ള സര്‍വീസാണ് ഒരു വര്‍ഷമായി നിലച്ചിരിക്കുന്നത്.
ഇപ്പോള്‍ രാവിലെ കോയമ്പത്തൂരിലേക്കു പോകാന്‍ 25 കിലോമീറ്റര്‍ ദൂരമുള്ള പൊള്ളാച്ചിയിലെത്തി അവിടെനിന്നും കിണത്തുകടവ് വഴി 45 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കോയമ്പത്തൂരിലെത്തുന്നത്.
ഇതിനും കൂടുതല്‍ യാത്രാനിരക്ക് നല്‍കുന്നതിനൊപ്പം അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യവും യാത്രക്കാരന് ഉണ്ടാകുന്നു. ചിറ്റൂര്‍ വഴി കോയമ്പത്തൂരിലേക്ക് പതിനഞ്ചു കിലോമീറ്റര്‍ ദൂരക്കുറവുണ്ട്. ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രഭാത സര്‍വീസ് തുടങ്ങില്ലെന്ന ഉറച്ചനിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി ഓടിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
നിര്‍ത്തലാക്കിയ കോയമ്പത്തൂരിലേക്കുള്ള ബദല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ആര്‍ ടി ഒ്ക്കു പുറമേ ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ യാത്രക്കാര്‍ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ്.