വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ ഒന്നാം വിള കൊയ്ത്ത് തുടങ്ങി

Posted on: September 13, 2014 8:56 am | Last updated: September 13, 2014 at 8:56 am
SHARE

പട്ടാമ്പി: വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ ഒന്നാം വിളകൊയ്ത്ത് തുടങ്ങി. കുലുക്കല്ലൂര്‍, വിളയൂര്‍, പട്ടാമ്പി, കൊപ്പം, തിരുവേഗപ്പുറ, മുതുതല, പരുതൂര്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന് നേതൃത്വം നല്‍കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴില്‍സേന രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കൃഷി നടത്താനാവുന്നില്ല. ബ്ലോക്ക് ലേബര്‍ ബേങ്ക് തൊഴിലാളികള്‍ വന്നെങ്കിലും മേഖലയില്‍ തൊഴില്‍ക്ഷാമം പരിഹരിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു. നാട്ടുകാരായ തൊഴിലാളികളെ കിട്ടാത്തതിനാല്‍ കെട്ടിടനിര്‍മാണത്തിനായി കേരളത്തിലെത്തിയ ബംഗാളി തൊഴിലാളികളാണ് പാടം കൊയ്യുന്നത്.
പട്ടാമ്പി മേഖലയില്‍ കൊയ്ത്ത് മെതി യന്ത്രങ്ങള്‍ കിട്ടാത്തതും കൊയ്ത്തിന് തടസ്സമാകുന്നുണ്ട്. പാലക്കാട് നിന്നും ആകെ ഒരു കൊയ്ത്ത് യന്ത്രമാണ് പട്ടാമ്പി ബ്ലോക്കില്‍ എത്തിച്ചിരിക്കുന്നത്. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടത്തുന്ന വിളയൂരിലാണ് യന്ത്രം ഉപയോഗിച്ച് കൊയ്യുന്നത്. ആകെയുള്ള യന്ത്രം എല്ലാ പഞ്ചായത്തുകളിലേക്കും എത്തിക്കാന്‍ പ്രയാസം നേരിടുന്നതിനാലാണ് കര്‍ഷകര്‍ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നത്. എന്നാല്‍ ഒന്നാം വിളകൊയ്ത്തില്‍ വിളകുറവാണെന്നാണ് കര്‍ഷകരുടെ പരാതി. ഹെക്ടര്‍ കണക്കിന് നെല്‍കൃഷി നടത്തിയിട്ട് പകുതി ഉല്‍പാദനം കുറഞ്ഞെന്ന് കര്‍ഷകര്‍ പറയുന്നു. ചില പാടശേഖരങ്ങളില്‍ ഒന്നാം വിളകൊയ്ത്തില്‍ കിട്ടിയ നെല്ല് മൊത്തക്കച്ചവടമായി അവില്‍മില്ല് കമ്പനികള്‍ക്കാണ് വിറ്റത്.
കിലോക്ക് 11 രൂപ നിരക്കിലാണ് കര്‍ഷകര്‍ നെല്ല് വില്‍ക്കുന്നത്. സപ്ലൈക്കോയും സര്‍ക്കാര്‍ ഏജന്‍സികളും നെല്ല് വാങ്ങുന്നില്ല.വിളവെടുത്ത നെല്ലില്‍ പകുതിയിലധികവും പതിരാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നെല്ല് വാങ്ങുന്നില്ല. തന്മൂലം കര്‍ഷകര്‍ ആശങ്കയിലാണ്. ഒരു ഏക്കറില്‍ നെല്‍കൃഷി ഇറക്കാന്‍ അരലക്ഷം രൂപയെങ്കിലും ചെലവ് വന്നിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഏക്കര്‍ കണക്കിന് കൃഷി നടത്തിയവര്‍ക്ക് കൂലി ഇനത്തിലും മറ്റുമായി ലക്ഷങ്ങളാണ് ചെലവ് വന്നത് എന്നിരിക്കെ രണ്ടാം വിള എങ്ങിനെ നടത്തുമെന്ന ആശങ്കയിലാണ് പട്ടാമ്പി മേഖലയിലെ കര്‍ഷകര്‍.