അന്വേഷണ റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കും

Posted on: September 13, 2014 8:54 am | Last updated: September 13, 2014 at 8:54 am
SHARE

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം നവീകരണത്തിലെ അഴിമതിയന്വേഷണത്തിലും വീഴ്ചയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കും. കൂത്തമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ വന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സമിതി സംസ്ഥാന കണ്‍വീനര്‍ സുജോബി ജോസ് നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ഡി വൈ എസ് പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് വീണ്ടും പരിശോധിക്കുന്നതിനായി മാറ്റി വെച്ചത്.
കേസ് അടുത്ത മാസം ആറിന് പരിഗണിക്കും. സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശിച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചതായി കണക്കുകളുണ്ടാക്കിയെന്നും, പ്രവൃത്തി നടത്തിയ സ്വകാര്യ കമ്പനിക്ക് എത്ര രൂപ നല്‍കിയെന്നും, പ്രവൃത്തികള്‍ ഏറ്റെടുത്ത കമ്പനി നല്‍കിയ ബില്ലില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.
ഇതിലായിരുന്നു അന്വേഷണം. ഇന്നലെ കേസ് പരിഗണിക്കവേ ഹര്‍ജിയില്‍ ആരോപിച്ച സംഗതികളില്‍ നിന്നും വ്യതിചലിച്ചുള്ളതാണ് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടെന്നും, പണം കൊടുത്ത നടപടിയെ ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും സുജോബിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നവീകരണ പ്രവൃത്തികള്‍ നടത്തിയപ്പോള്‍ പഴയ മരങ്ങള്‍, ഓടുകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ എന്തു ചെയ്തുവെന്നതിനെ കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും പഴയ സാധനങ്ങള്‍ ടെന്‍ഡര്‍ കൊടുത്ത് വിറ്റത് അന്വേഷണത്തില്‍ വന്നിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.