Connect with us

Thrissur

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

ഇരിങ്ങാലക്കുട: സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കാട്ടൂര്‍ പോലീസിന്റെ പിടിയിലായി. കാട്ടൂര്‍ പൊഞ്ഞനം സ്വദേശികളായ കുറിയേടത്ത് പൈതല്‍ എന്ന് വിളിക്കുന്ന ബൈജു(36), മാളക്കാരന്‍ ഫെയ്മസ്(26) എന്നിവരെയാണ് കാട്ടൂര്‍ എസ് ഐ. എന്‍ രാജീവ് അറസ്റ്റ് ചെയ്തത്.
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പൊഞ്ഞനം ശാഖയില്‍ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയും സായാഹ്ന ശാഖയില്‍ നിന്ന് എണ്‍പതിനായിരം രൂപയുമാണ് ഇവര്‍ തട്ടിയെടുത്തത്. 916 മുദ്രയുള്ള ഒറിജിനല്‍ എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ആഭരണങ്ങള്‍. സ്വര്‍ണത്തില്‍ വെള്ളിയും ചെമ്പും കലര്‍ത്തിയാണ് മുക്കുപണ്ടം നിര്‍മിച്ചിരിക്കുന്നത്. മുകളില്‍ സ്വര്‍ണ്ണം പൂശിയതിനാല്‍ ഗോള്‍ഡ് അനലൈസര്‍ വെച്ച് പരിശോധിച്ചാലും സംശയിക്കപ്പെടില്ല. വ്യാഴാഴ്ച വൈകീട്ട് ബാങ്കിലെത്തിയ പ്രതികള്‍ ഇത്തരത്തിലുള്ള 49 ഗ്രാമിന്റെ വ്യാജ സ്വര്‍ണ്ണമാല പണയം വെക്കുന്നതിനിടയിലാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്കില്‍ അടിയന്തരമായി അംഗത്വം തരപ്പെടുത്തിയാണ് പ്രതികള്‍ തട്ടിപ്പിന് അരങ്ങൊരുക്കിയത്. മറ്റെവിടെയെങ്കിലും പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇവര്‍ക്ക് വ്യാജ സ്വര്‍ണമെത്തിച്ച ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കാട്ടൂര്‍ പൊലീസ് അറിയിച്ചു.സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത രണ്ടുപേരെയും ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.