കൊട്ടിയൂര്‍-അമ്പായത്തോട്-തലപ്പുഴ റോഡ് യാഥാര്‍ഥ്യമാക്കണം

Posted on: September 13, 2014 8:52 am | Last updated: September 13, 2014 at 8:52 am
SHARE

മാനന്തവാടി: വയനാട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍-അമ്പായത്തോട്-തലപ്പുഴ ചുരമില്ലാ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് റോഡ് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റോഡ് പൂര്‍ത്തിയായാല്‍ മട്ടന്നൂര്‍ വിമാനത്താവളവുമായി ഏറ്റവും ദൂരം കുറഞ്ഞതും അപകട സാധ്യതയില്ലാത്തതുമായ റോഡായി ഇത് മാറും. തവിഞ്ഞാല്‍-കൊട്ടിയൂര്‍-കേളകം-കണിച്ചാര്‍-പേരാവൂര്‍-മാലൂര്‍ എന്നീ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. വിമാനത്താവളവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന റോഡാണെന്ന് വയനാട് കലക്ടറും വടകര ചുരം സിവില്‍ എന്‍ജിനീയര്‍മാരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 8.300 കിലോമീറ്റര്‍ ദൂരം അമ്പായത്തോട് മുതല്‍ തലപ്പുഴ 44ാം മൈല്‍ വരെയുണ്ട്.
അതില്‍ അഞ്ച് കിലോമീറ്റര്‍ കൊട്ടിയൂര്‍ പഞ്ചായത്തിലും ബാക്കി തവിഞ്ഞാല്‍ പഞ്ചായത്തിലുമാണ്. വെസ്റ്റഡ് ഫോറസ്റ്റിലുള്ള ഭാഗം വിട്ട് കിട്ടാന്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രമേയം മുഖേന ആവശ്യപ്പെടണം. റോഡ് പ്രവൃത്തികള്‍ക്ക് 76 കോടി രൂപ 2009ല്‍ അനുവദിച്ച എസ്റ്റിമേറ്റ് എടുത്ത് ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിയതാണ്. അമ്പായത്തോട് വരെ മെക്കാര്‍ഡം ടാറിംഗ് നടത്തുവാന്‍ 12 മീറ്റര്‍ വീതിയില്‍ നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുത്തിട്ടു്ട്. കൊട്ടിയൂരമ്പലം-തിരുനെല്ലി അമ്പലം റോഡ് യാഥാര്‍ഥ്യമായാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ ദൂരം പകുതിയായി കുറയും. ഫണ്ട് ലഭിക്കുന്നതിനായി എം എല്‍ എ , എം പി എന്നിവര്‍ മുഖേന ശ്രമം നടത്തിവരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ടി എസ് സ്‌കറിയ, കെ ജെ ബാബു,ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.