തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെതിരെ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തും: സി ഐ ടി യു

Posted on: September 13, 2014 8:52 am | Last updated: September 13, 2014 at 8:52 am
SHARE

കല്‍പ്പറ്റ: തൊഴിലുടമകള്‍ക്കനുകൂലമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ് ശക്തിപ്പെടുത്താന്‍ സിഐടിയു ജില്ലാ പ്രവര്‍ത്തക കണ്‍വഷന്‍ തീരുമാനിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്താകെ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വ്യവസായ തര്‍ക്ക പരിഹാരനിയമം, ഫാക്ടറി നിയമം, കരാര്‍ നിയമനം എന്നിവയിലെല്ലാം തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന നിയമപരിരക്ഷപോലും ഇല്ലാതാക്കും. തൊഴിലാളികളെ പിരിച്ചുവിടാനും, തൊഴില്‍ ശാലകള്‍ അടച്ചുപൂട്ടാനും, ലേ ഓഫ് പ്രഖ്യാപിക്കാനും ഈ നിയമഭേദഗതിയിലൂടെ തൊഴിലുടമകള്‍ക്ക് സാധിക്കും. വ്യവസ്ഥ നിലവില്‍ വന്നാല്‍ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനാണ് ഇരയാവുക എന്ന് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
കണ്‍വന്‍ഷന്‍ സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് പകരം ഉടമകള്‍ക്കനുകൂലമായി നിയമങ്ങളെ മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുറുപേര്‍ക്ക് താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ അനുമതി കൂടാതെതന്നെ തൊഴിലുടമക്ക് അടച്ചുപൂട്ടാനും, തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ നീക്കത്തിലൂടെ സാധിക്കും. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഗീയവത്ക്കരണം കടന്നുവരുന്നതിനെതിരെ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തൊഴില്‍ നിയമ ഭേദഗതി വ്യാപകമാക്കുന്നത്് തടയാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. തൊഴില്‍ നിയമഭേദഗതിക്കെതിരെ അഖിലേന്ത്യടിസ്ഥാനത്തില്‍ നടക്കുന്ന പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കും. തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരായ കൂട്ടായ പ്രക്ഷോഭത്തിന്റെ പ്രധാന്യം ഒരോ തൊഴിലാളിയിലും എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഈ മാസം മുതല്‍ ഡിസംമ്പര്‍ മാസം വരെ സിഐടിയു തൊഴിലാളികളുടെ വിടുകളില്‍ കയറി സക്വാഡ് പ്രവര്‍ത്തനം നടത്തും.
വ്യത്യസ്ത തൊഴില്‍ മേഖലയില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി വി ബേബി സ്വാഗതം പറഞ്ഞു.