Connect with us

Wayanad

വികസനം സ്വപ്നം മാത്രം; സുഗന്ധഗിരി അവഗണനയില്‍

Published

|

Last Updated

വൈത്തിരി: ആദിവാസി മേഖലയായ സുഗന്ധഗിരിയുടെ വികസന സ്വപ്‌നങ്ങള്‍ മുരടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യപിച്ച റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പല പദ്ധതികളും ഇഴഞ്ഞു നിങ്ങുന്നതാണ് പ്രധാന കാരണം.
2.3 കോടി രൂപ ചെലവില്‍ ചെന്നായ് കവല മുതല്‍ അമ്പ വരെയുള്ള റോഡ് നന്നാക്കാന്‍ പിഡബ്ല്യുഡി തീരുമാനിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ്‌നിര്‍മ്മാണം പുരോഗമിച്ചിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഇവിടെ വൈദ്യുതി പദ്ധതി തുടങ്ങിയത്. രാജീവ് ഗാന്ധി വൈദ്യുതി പദ്ധതി പ്രകാരം ലൈനുകള്‍ വലിച്ചെങ്കിലും വൈദ്യുതി വിതരണം ഇതുവരെ ആരംഭിച്ചില്ല.
കുടിവെള്ള പ്രശ്‌നം രൂക്ഷമായ സുഗന്ധഗിരിയിലെ പുനരധിവാസ മേഖലയായ അമ്പയില്‍ വാട്ടര്‍ അഥോറിറ്റി മുഖേന 32.7 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള തടയണ നിര്‍മ്മാണവും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളും പൂര്‍ത്തിയാക്കന്‍ കഴിഞ്ഞിട്ടില്ല.
പൊഴുതന പഞ്ചായത്തില്‍ ഏഴ്, എട്ട് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട സുഗന്ധഗിരി പ്രോജക്ടിന്റെ കീഴില്‍ വരുന്ന ഒന്നാം യൂണിറ്റ്, പൂക്കോട്, അമ്പതേക്കര്‍, പ്ലാന്റേഷന്‍, ചെന്നായ് കവല എന്നീ പ്രദേശങ്ങളിലായി 378 ഓളം പട്ടികവര്‍ഗ കുടുംബങ്ങളാണ് താമസിക്കുന്നത്. പോഷഹകാരക്കുറവും വിളര്‍ച്ചയും നേരിടുന്ന നിരവധി സ്ത്രീകളും കുട്ടികളുമാണ് ഇവിടെയുള്ളത്. എന്നാല്‍, ഇവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവിടുന്ന പദ്ധതികള്‍ ഇവരിലേക്ക് എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
1975 മുതല്‍ സുഗന്ധഗിരി ഏലം പ്രോജക്ടിനു കീഴില്‍ ജോലി ചെയ്തു താമസിച്ചിരുന്നവര്‍ക്ക് 2002ല്‍ ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിരുന്നു. ലഭിച്ച ഭൂമിയില്‍ മരങ്ങള്‍ മുറിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ വിടുവയ്ക്കാനോ കൃഷി ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്.